
കോട്ടയം: പുതുപ്പള്ളിയുടെ പുതിയ പ്രതിനിധിയെ നാളെ അറിയാം. 53 വര്‍ഷത്തിനു ശേഷം ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരാള്‍ 11 മുതല്‍ പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിക്കും. അതു മകന് ചാണ്ടി ഉമ്മനോ രണ്ടു തവണ ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച ജെയ്ക് സി. തോമസോ ലിജിന്‍ ലാലോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആകെ 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. എട്ടരയോടെ ഫല സൂചനകളും പത്തരയോടെ പൂര്‍ണ ഫലവും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇടത്, വലതു മുന്നണികള്‍ വിജയപ്രതീക്ഷയിലാണ്. കുറഞ്ഞത് 30000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം യു.ഡി.എഫ്. പ്രതീക്ഷിക്കുമ്പോള്‍, നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ കടന്നു കൂടാമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫ്. നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
മികച്ച വോട്ട് നേട്ടമാണ് ബി.ജെ.പി. പ്രതീക്ഷ.അതേസമയം, പോളിങ്ങിലെ നേരിയ കുറവ് മുന്നണികളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അന്തിമ കണക്കു പ്രകാരം 72.86 ശതമാനമാണു പോളിങ്. 2021-ലേതിനേക്കാള്‍ 1.98 ശതമാനം കുറവ്. 1,76,412 വോട്ടര്‍മാരില്‍ 1,28,535 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരില് 64,078 പേരും 90,277 സ്ത്രീകളില്‍ 64,455 പേരും നാലു ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. എന്നാല്‍, നിലവില്‍ തെരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപിച്ച ശതമാനക്കണക്കില്‍ 2491 അസന്നിഹിത വോട്ടുകളും 138 സര്‍വീസ് വോട്ടുകളും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വോട്ടുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ വോട്ടിങ്ങ് ശതമാനം 2021-ലേതിന് അടുത്തെത്തും.
പട്ടികയില്‍ പേരുള്ള നിരവധി യുവാക്കള്‍ വിദേശത്തു പഠനത്തിനും ജോലിക്കുമായി പോയതും മരിച്ചവരുടെ പേരുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാത്തതുമാണ് പോളിങ് ശതമാനം കുറയാന്‍ കാരണമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. 2021-ലേതിനേക്കള്‍ 633 പേര് ഇത്തവണ അധികമായി വോട്ട് ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.






