
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വന്‍ വിജയം ആഘോഷിമ്പോള്‍ ഒരേ മണ്ഡലത്തില്‍ ഹാട്രിക് തോല്‍വി എന്ന ദൗര്‍ഭാഗ്യവുമായി ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. രണ്ടു തവണ ഉമ്മന്‍ചാണ്ടിയോട് പരാജയപ്പെട്ട ജെയ്ക്ക് ഇത്തവണ തോറ്റത് ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനോടായിരുന്നു.
മൂന് മുഖ്യമന്ത്രി കൂടിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ യുവരക്തമായ ജെയ്ക്ക് സി തോമസിനെ സിപിഎം ആദ്യം പരീക്ഷിച്ചത് 2016 ലായിരുന്നു. 27,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ജെയ്ക്ക് പക്ഷേ 44,505 വോട്ടുകള്‍ നേടിയിരുന്നു. 77,597 വോട്ടുകള്‍ നേടിയാണ് അന്ന് ഉമ്മന്‍ചാണ്ടി വിജയം നേടിയത്. 2021 ലും ഉമ്മന്‍ചാണ്ടിയ്ക്കെതിരേ മത്സരിക്കാന്‍ സിപിഎം കളത്തിലിറക്കിയത് ജെയ്ക്കിനെ തന്നെയായിരുന്നു. ഇത്തവണ പരാജയപ്പെട്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 2016 നെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറയ്ക്കാന്‍ ജെയ്ക്കിനായി.
തന്റെ വോട്ടുഷെയര്‍ 44,000 ല്‍ നിന്നും 54,000 ലേക്ക് ഉയര്‍ത്തിയ ജെയ്ക്ക് 9000 വോട്ടിനാണ് ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നില്‍ എത്തിയത്. 54,328 വോട്ടുകള്‍ ജെയ്ക്ക് നേടി. 63,372 വോട്ടുകളാണ് ഉമ്മന്‍ചാണ്ടി നേടിയത്. രണ്ടു ബൂത്തുകളില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനും ജെയ്ക്കിനായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ 2023 ല്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴും പാര്‍ട്ടി ആലോചിച്ചത് നാട്ടുകാരന് കൂടിയായ ജെയ്ക്ക് സി തോമസിന്റെ പേര് തന്നെയായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നാലെ മകനോടും തോറ്റയാള്‍ എന്ന ഖ്യാതിയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ജെയ്ക്ക് സി തോമസിന് നല്‍കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവുമെല്ലാം ഒരുപോലെ പ്രതിഫലിച്ചപ്പോള്‍ പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിലും വന്‍ മുന്നേറ്റം നടത്തിയാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച പഞ്ചായത്തുകള്‍ പോലും ചാണ്ടി ഉമ്മന്‍ വലിയ മുന്നേറ്റം നല്കി. സ്വന്തം നാടായ മണര്‍കാട്ട് പോലും ജെയ്ക്കിനെ പിന്നിലാക്കിയ ചാണ്ടി ഉമ്മന്‍ ഒരിടത്തും എല്‍ഡിഎഫിന് ആശ്വസം നല്‍കാതെ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്ന് പിതാവിനേക്കാള്‍ ഭൂരിപക്ഷമാണ് നേടിയത്.






