
കോഴിക്കോട്: നില രോഗലക്ഷണങ്ങളുമായി രണ്ട് പേര് മരിച്ചതിനു പിന്നാലെ കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദേശം. മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ 75 പേര് നിരീക്ഷണത്തിലാണ്. രോഗനിയന്ത്രണത്തിന് 16 ടീമുകള്‍ രൂപീകരിച്ചതായും ഉന്നതതല യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിലവില്‍ നാല് പേരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ കണ്ട്രോള് റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






