
കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. മരുതോങ്കരയിലെ 90 വീടുകൾ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണ്. രോഗ ലക്ഷണത്തോടെ ചികിത്സയിലുള്ള ആൺകുട്ടിയുടെ നില ഗുരുതരമാണ്.
നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര് മരിച്ചതിനു പിന്നാലെ കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദേശം. മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ 75 പേര് നിരീക്ഷണത്തിലാണ്. രോഗനിയന്ത്രണത്തിന് 16 ടീമുകള്‍ രൂപീകരിച്ചതായും ഉന്നതതല യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാല് പേരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്.
പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ കണ്ട്രോള് റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. മരുതോങ്കര സ്വദേശി 49കാരന് ആണ് ഓഗസ്റ്റ് 30ന് മരിച്ചത്. വടകര ആയഞ്ചേരി സ്വദേശിയായ 40കാരനാണ് ഇന്നലെ മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുവായ ഒമ്പത് വയസ്സുകാരനാണ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. മരുതോങ്കര സ്വദേശിയുടെ ഭാര്യ സഹോദരനായ 25കാരന്, നാല് വയസ്സുള്ള മകന്, 10 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ കുഞ്ഞിന്റെ പനി മാറിയെങ്കിലും മുന്‍കരുതല്‍ ആയി ആശുപത്രിയില്‍ തന്നെ തുടരുകയാണ്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആദ്യം മരിച്ചയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് രണ്ടാമത് മരിച്ചയാളും ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ പരിചരിച്ച ജീവനക്കാരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്കി.






