
കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലങ്ങള്‍ ഇനി വേഗത്തില്‍ ലഭ്യമാക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധന ഉറപ്പാക്കുമെന്നും അവലോകന യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.
ഇന്ന് നിപ സ്ഥിരീകരിച്ചയാള്‍ക്കും ഈ മാസം 11ന് മരണമടഞ്ഞയാള്ക്കും ആദ്യം മരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ആദ്യം മരിച്ചയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു വരുമ്പോള്‍ ഇവര്‍ രണ്ടുപേരും അവിടെയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരന് വെന്റിലേറ്ററില്‍ തന്നെയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന് എന്നിവരും ജില്ലയില്‍ നിന്നുള്ള എം.പിമാരും എംഎല്‍എമാരും അവലോകന യോഗത്തില്‍ പങ്കെടുത്തു.






