
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ വിദ്യാഭ്യാസ വിചക്ഷണരായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത മൂന്നു പേര് 51 ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും ഇവരെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി രംഗത്ത്.
അക്കാദമിക് വിദഗ്ധരായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ മൂന്നു പേര് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരാ ണെന്നും അവരുടെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റയോ പരിശോധിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് നാമനിര്‍ദേശം ചെയ്തതെന്നുമാണ് ആക്ഷേപം.
സര്‍വകലാശാലാ നിയമപ്രകാരം സിന്‍ഡിക്കേറ്റിലേക്ക് ആറു വിദ്യാഭ്യാസ വിചക്ഷണരെ സര്‍ക്കാരിന് നാമനിര്‍ദേശം ചെയ്യാവുന്നതാണ്. മൂന്ന് സര്‍വകലാശാല പ്രഫസര്മാരോടൊപ്പമാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ ജെ.എസ്. ഷിജു ഖാന്, ജി. മുരളീധരന് പിള്ള, ആര്. രാജേഷ് എം.എല്‍.എ. എന്നിവരെകൂടി നാമനിര്‍ദേശം ചെയ്തത്. ഇവര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലായി 51 ക്രിമിനല്‍ കേസുകളില്‍ ഇപ്പോഴും പ്രതികളാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ഇവരുടെ യോഗ്യതകള്‍ സംബന്ധിച്ച ബയോഡേറ്റകള്‍ ലഭ്യമല്ലെന്നും മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നാമനിര്‍ദേശം ചെയ്തതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. മൂന്നുപേരുടെയും നാമനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും പകരം അക്കാദമിക് വിദഗ്ധരെ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കി.





