
തിരുവല്ല: കെ.റെയില്‍ പദ്ധതിയ്ക്കെതിരേ വെച്ച 'സമരവാഴ' കുലയ്ക്കുകയും അതിന്റെ വിളവെടുപ്പ് ഇന്നു നടക്കുമെന്ന് സമരസമിതി. കെ. റെയില്‍ വിരുദ്ധസമിതി സമരത്തിന്റെ ഭാഗത്തായി പലയിടത്തായി വെച്ച വാഴയില്‍ തിരുവല്ല കുന്നന്താനത്താനത്താണ് പ്രതീകാത്മകമായി വിളവെടുപ്പ് നടക്കുന്നത്. വാഴക്കുലകള്‍ ലേലത്തിന് വെച്ച് അതിലൂടെ സമാഹരിക്കുന്ന തുക ചെങ്ങന്നൂരില്‍ സമരസമിതി വീടുവെച്ചു നല്കുന്ന തങ്കമ്മയുടെ വീട് നിര്‍മ്മാണ ഫണ്ടിലേക്ക് കൈമാറും. കുന്നന്താനം നടയ്ക്കല്‍ കവലയില്‍ നട്ട പൂവന് വാഴക്കുലയാണ് ഇപ്പോള്‍ വിളവെടുക്കുന്നത്.
കെ.റെയില്‍ പദ്ധതിക്കായുള്ള സ്ഥലമെടുപ്പില്‍ ഒറ്റമുറി കൂരയില്‍നിന്നു സര്‍ക്കാര്‍ തെരുവിലിറക്കാന്‍ ശ്രമിച്ച തങ്കമ്മയുടെ ഭവന നിര്‍മ്മാണം പുരോഗമിക്കുകയാണ്. തങ്കമ്മയുടെ വീടിന്റെ അടുപ്പുകല്ല് പിഴുതുമാറ്റിയായിരുന്നു അന്ന് മഞ്ഞക്കല്ല് സ്ഥാപിച്ചത്. അതെടുത്തു മാറ്റിയാണ് ഇവര്‍ക്ക് സമരസമിതി വീടു വെയ്ക്കാന്‍ സഹായിക്കുന്നത്. കെ. റയില്‍ സമരകാലത്ത് ബോര്‍ഡ് വെച്ച സ്ഥലത്തായിരുന്നു വാഴ വെച്ചത്. ഇന്ന് വൈകിട്ട് നാലു മണിയോടെ മൂന് എംഎല്‍എ ജോസഫ് എം പുതുശ്ശേരിയാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നത്.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിലായിരുന്നു സമരസമിതിയുടെ ആഹ്വാനപ്രകകാരം വാഴ നട്ടത്. ജൂണ്‍ അഞ്ചിന് പദ്ധതി അനുകൂലികളായ എം.എല്‍.എ.മാരോടുള്ള പ്രതിഷേധ സൂചകമായി 11 ജില്ലകളിലും സമരവാഴ നടല്‍ നടത്തി. കെ-റെയില്‍ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി 2022 മേയ് 31 മുതല്‍ ജൂണ്‍ 6 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു.
വാഴക്കുലകള്‍ ലേലം ചെയ്തു കിട്ടുന്ന തുക നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍
ധൂര്‍ത്തും അഴിമതിയും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കാരണത്താലാണ് തീരുമാനത്തില്‍ നിന്നും പിന്മാറുന്നത്. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ അയഞ്ഞതിനാല്‍ സമരത്തിന്റെയും കരുത്തു കുറഞ്ഞെങ്കിലും സമരസമിതി സമരരംഗത്ത് നിന്നും മാറിയിട്ടില്ല. പദ്ധതി സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വരെ സമരം പൂര്‍ണ്ണമായി അവസാനിപ്പിക്കില്ലെന്നാണ് സമരസമിതിയുടെ ആള്ക്കാര് പറയുന്നത്.






