
ആലപ്പുഴ: യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ഓട്ടോറിക്ഷയ്ക്കു തീയിട്ടു. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍, പ്രതികള്‍ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറിപ്പോയി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് ആലപ്പുഴ നഗരസഭ മംഗലം വാര്‍ഡിലായിരുന്നു സംഭവം.
നോര്‍ത്ത് പോലീസ് കേസെടുത്തു. മംഗലം വാര്‍ഡ് അരശ്ശേരി വീട്ടില്‍ വിനോദിന്റെ ഓട്ടോയാണു കത്തിച്ചത്. ഇവിടെ ഓട്ടോറിക്ഷ ഓടിക്കുന്ന സുനിയപ്പന്‍ എന്നു വിളിക്കുന്ന യേശുദാസും പരിസരവാസികളായ രണ്ടു യുവാക്കളും കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു.
വഴക്ക് സംഘര്‍ഷത്തിലെത്തുകയും പോലീസെത്തി പരിഹരിക്കുകയും ചെയ്തു. യേശുദാസിനെ ആക്രമിക്കുമെന്നും അയാളുടെ ഓട്ടോറിക്ഷ കത്തിക്കുമെന്നും രണ്ടു പ്രതികള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ വെല്ലുവിളിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ രാത്രിയില്‍ യേശുദാസിന്റെതെന്നു കരുതി വിനോദിന്റെ ഓട്ടോറിക്ഷയ്ക്കു തീയിട്ടത്.
യേശുദാസും വിനോദും റോഡരികില്‍ അടുത്തടുത്താണ് ഓട്ടോറിക്ഷ പാര്‍ക്കുചെയ്യുന്നത്. യേശുദാസ് സാധാരണ പാര്‍ക്കുചെയ്യുന്ന സ്ഥലത്താണ് വിനോദ് അന്നു വാഹനമിട്ടത്. യേശുദാസിന്റെ ഓട്ടോറിക്ഷയാണെന്നു കരുതി വിനോദിന്റെ ഓട്ടോറിക്ഷയ്ക്ക് പ്രതികള്‍ തീയിടുകയായിരുന്നെന്നു നോര്‍ത്ത് പോലീസ് പറഞ്ഞു. ആലപ്പുഴയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.






