
ഇംഫാല്‍: കലാപകലുഷിതമായ മണിപ്പൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ ഫോട്ടോകള്‍ പുറത്തുവന്ന 17 കാരിയെ കാണാതായത് നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടയില്‍. വീട്ടില്‍ നിന്നും നീറ്റ് പരിശീലനത്തിനായി പെണ്‍കുട്ടി പുറത്ത് പോയത് കര്‍ഫ്യൂവിന് അയവുള്ള പുലര്‍ച്ചെ ആറു മണിക്ക്. പിതാവ് തന്റെ മോട്ടോര്‍സൈക്കിളിലായിരുന്നു പെണ്‍കുട്ടിയെ കെണ്ടു വിട്ടിരുന്നത്.
സാഹചര്യം അല്‍പ്പം മെച്ചപ്പെട്ടിരുന്നതിനാല് ഇരുവരും ചുരചാന്ദ്പൂരിനെയും ബിഷ്ണുപൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയാണ് പോയത്. മാസങ്ങള്‍ക്ക് മുമ്പ് രണ്ടു ജില്ലകളും കണ്ടത് വലിയ വെടിവെയ്പ്പും കൊലപാതകങ്ങളുമായിരുന്നു. 17 കാരി പെണ്‍കുട്ടിയെയും 20 കാരന് ആണ്‍കുട്ടിയെയും കാണാതെ വന്നതിനെ തുടര്‍ന്ന് രണ്ടുപേരുടെയും മാതാപിതാക്കള്‍ രണ്ടു പോലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഇരുവരും നാംബോലിലേക്ക് പോകുന്നതായി വഴിയരികിലെ കടകളില്‍ വെച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇംഫാലില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഇത്
18 കിലോമീറ്റര്‍ അപ്പുറത്ത് മുര്കിയറില് എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ അവസാനം സിഗ്നല്‍ കാട്ടയിട്ടുള്ളത് ക്വാക്ട എന്ന സ്ഥലത്തുവെച്ചാണെന്ന് സൈബര്‍ വിഭാഗം പറയുന്നു. ആണ്‍കുട്ടിയുടെ ഫോണ്‍ ലാംഡനില് വെച്ചും സ്വിച്ചോഫായി. ക്വാക്ട ബിഷ്ണുപൂര്‍ ജില്ലയിലാണ്. ഇത് താഴ്വാരത്തിന്റെ ഭാഗമാണ്. എന്നാല്‍ ലാംഡനാകട്ടെ ചുരാചാന്ദ്പൂരിലാണ്. ഇത് മലയോരത്തിന് കീഴിലാണ്.
മകള്‍ വീട്ടിലേക്ക് തിരിച്ചു വരാതായപ്പോള്‍ പിതാവ് ഫോണിലേക്ക് വിളിച്ചപ്പോള്‍ അവള് ഫോണെടുത്തു. അവള് ഭയന്നപോലെ തോന്നി. താന്‍ നംബോലിലാണെന്നാണ് പറഞ്ഞത്. എന്തിനാണ് നംബോലില്‍ പോയതെന്നും എവിടെയാണ് നില്‍ക്കുന്നതെന്നും അവിടേയ്ക്ക് അച്ഛന് വന്ന് കൊണ്ടുപോരാമെന്നും പറഞ്ഞു. താന്‍ നംബോലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ഖൗപമിലാണെന്ന് പെണ്‍കുട്ടി ചെറിയ ശബ്ദത്തില്‍ പറയുയും പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയുമായിരുന്നെന്നുമാണ് പെണ്‍കുട്ടിയുടെ മാതാവ് നേരത്തേ നല്കിയ മൊഴി.
ഈ കേസ് രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, കേസ് വെളിയില്‍ കൊണ്ടുവരാന്‍ പോലീസിന് ഇത്രയധികം സമയം വേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. അതിനിടയില്‍ ഇരുവരും സായുധസേനയുടെ പിടിയിലായിരിക്കുന്ന രീതിയില്‍ പുറത്തുവന്ന ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാനും പശ്ചാത്തലത്തില്‍ ദൃശ്യമാകുന്ന രണ്ട് പേരുടെ ഐഡന്റിറ്റി നിര്‍ണ്ണയിക്കാനും അന്വേഷകര്‍ വിപുലമായ സൈബര്‍ ഫോറന്‍സിക് ഉപകരണങ്ങള്‍ ഉപയോഗിച്ചേക്കും.
കൊലപാതകത്തില്‍ ഇംഫാലില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 1 വരെ വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തനരഹിതമാക്കി. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ഇവരുടെ രണ്ടു ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്. ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ജംഗിള്‍ ക്യാമ്പിന്റെ പുല്ല് വളപ്പില്‍ രണ്ടുപേരും ഇരിക്കുന്ന നിലയിലാണ് ആദ്യ ഫോട്ടോ. പെണ്‍കുട്ടി വെളുത്ത ടീ ഷര്‍ട്ടിലാണ്, അവളുടെ സുഹൃത്ത് ഒരു ബാഗും ചെക്ക് ചെയ്ത ഷര്‍ട്ടും പിടിച്ച് നോക്കുന്നു. അവര്‍ക്ക് പിന്നില്‍ തോക്കുധാരികളായ രണ്ടുപേര്‍ വ്യക്തമായി കാണാം. അടുത്ത ഫോട്ടോയില്‍, അവരുടെ ശരീരം നിലത്ത് ചരിഞ്ഞിരിക്കുന്നതായി കാണാം.






