
ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ആവേശകരമായി ഏകദിന ലോകകപ്പിന്റെ 13ാം പതിപ്പ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടങ്ങിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് സ്പെഷ്യലാണ്. 13 വര്‍ഷത്തിനുശേഷം ഇന്ത്യ വീണ്ടുമൊരു ലോകകപ്പിന് വേദിയാകുന്നതെന്നു മാത്രമല്ല ഒറ്റക്ക് ആതിഥ്യം വഹിക്കുന്നതും ഇതാദ്യമായിട്ടാണ്. ലോകകപ്പ് കിരീടത്തിനൊപ്പം നിന്ന് എല്ലാവരും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ആവേശോജ്ജ്വലമായ മത്സരത്തിന് മുന്നോടിയായി പത്ത് ടീമുകളുടെ നായകന്മാര് ‘ക്യാപ്റ്റന്‍സ് ഡേ’യില്‍ മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശര്‍മയോടും പാകിസ്താൻ നായകൻ ബാബര്‍ അസമിനോടുമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. ഇതിനിടെ മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി ഹൈദരാബാദി ബിരിയാണിയെ കുറിച്ച് ബാബറിനോട് ചോദിച്ചു, ബിരിയാണി എങ്ങനെയുണ്ടെന്നാണ് രവിശാസ്ത്രി ചോദിച്ചത്, ഏറെ നേരം ചിരിച്ചാണ് ബാബര്‍ മറുപടി നല്‍കിയത്. ‘‘നൂറു തവണയെങ്കിലും ഈ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ബിരിയാണി വളരെ മികച്ചതാണ്...’’ ബാബര്‍ പറഞ്ഞു.
പാകിസ്താൻ താരങ്ങളുടെ 'ബിരിയാണി ചര്‍ച്ച'യുടെ വിഡിയോ ഐ.സി.സി പുറത്തുവിട്ടിരുന്നു. 'ബിരിയാണികളുടെ പോരാട്ടം' എന്നാണ് ഇൻസ്റ്റഗ്രാമിലെ വിഡിയോക്ക് നല്കിയ തലക്കെട്ട്. കറാച്ചി ബിരിയാണിയേക്കാള്‍ മികച്ചത് ഹൈദരാബാദി ബിരിയാണിയെന്നാണ് ഭൂരിഭാഗം താരങ്ങളും പറയുന്നത്.
ഏകദിന ലോകകപ്പിനായി പാക് ടീം ഹൈദരാബാദില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്.വമ്പിച്ച സ്വീകരണം താരങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഇതിനിടെ ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ ഭക്ഷണവൈവിധ്യങ്ങള്‍ പാക് താരങ്ങള്‍ രുചിച്ചു. നെതര്‍ലൻഡ്സിനെതിരെയാണ് പാകിസ്താന്റെ ലോകകപ്പ് അരങ്ങേറ്റം.




Comments