
തിരുവനന്തപുരം : എ ഐ ക്യാമറ വെച്ച ശേഷമുള്ള അപകടങ്ങളുടെ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായതോടെ ഗതാഗതമന്ത്രിയും സര്‍ക്കാരും വെട്ടിലായി. എഐ ക്യാമറ വെച്ചതോടെ സംസ്ഥാനത്ത് വാഹന അപകടങ്ങളും മരണവും കുറഞ്ഞുവെന്നായിരുന്നു സര്‍ക്കാരിന്റെ വലിയ അവകാശവാദം. എന്നാല്‍ കണക്കിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നത് സര്‍ക്കാരിന് തിരിച്ചടിയായി. ക്യാമറ വെച്ചതിന് പിന്നാലെ ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ ഹൈക്കോടതിയിലും ഉന്നയിച്ചു. എന്നാല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സര്‍ക്കാര്‍ കോടതിയില്‍ നല്കിയ കണക്ക് പൊളിച്ചതോടെയാണ് സര്‍ക്കാര്‍ കുഴപ്പത്തിലായത്.
ഹൈക്കോടതിയില്‍ നല്കിയ കണക്കില്‍ ഓഗസ്റ്റില്‍ 1065 അപകടങ്ങളുണ്ടായി, 58 പേര് മരിച്ചെന്നായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഓഗസ്റ്റിലെ പൂര്‍ണ്ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അപകടങ്ങളുടെ എണ്ണം 4000. മരണമാകട്ടെ 353. അതായത് കഴിഞ്ഞ ഓഗസ്റ്റിലെ 307 മരണത്തെക്കാള്‍ കൂടുതല്‍. ഓഗസ്റ്റ് മാസത്തെ കണക്ക് പൂര്‍ണ്ണമായും പുറത്തും വരും മുമ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് കാരണെന്ന് മോട്ടോര്‍ വാഹനവകുപ്പ് വീശദീകരിക്കുന്നു. ആ മാസം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പിന്നീട് മരണമടയുന്നത് കൊണ്ടാണിതെന്നും പറയുന്നു. പക്ഷെ അങ്ങിനെ എങ്കില്‍ എന്ത് കൊണ്ട് ഒരു മാസത്തെ പൂര്‍ണ്ണമായ കണക്കല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന ചോദ്യം. മാത്രമല്ല മരണനിരക്ക് കുറഞ്ഞെന്ന് എഐ ക്യാമറയുടെ ക്രെഡിറ്റായി എന്ത് കൊണ്ട് ഗതാഗതമന്ത്രി അടക്കമുള്ളവര്‍ ഉയര്ത്തിക്കാട്ടിയെന്നതിനും മറുപടിയില്ല.
ക്യാമറ വെച്ചതിന് ശേഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും അപകടം കുറഞ്ഞിട്ടില്ല എന്നാണ് ക്രൈം റെക്കോര്‍ഡ് സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്ക് വെളിപ്പെടുത്തുന്നത്. അതേ സമയം ആഗസ്റ്റില്‍ അപകട നിരക്കിനൊപ്പം മരണനിരക്കിലും പരിക്കേറ്റവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. തെറ്റായ കണക്ക് കോടതിയെ അറിയിച്ച സാഹചര്യത്തില്‍ ഗതാഗതമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കൊട്ടിഘോഷിച്ച് ക്യാമറ വെച്ച് അഞ്ച് മാസമായിട്ടും വന്‍ തുക പിഴ ഈടാക്കുന്നതല്ലാതെ അപകടത്തില്‍ കുറവുണ്ടായില്ലെന്നതാണ് യഥാര്‍ത്ഥ സത്യം.






