ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനില്‍ ജപ്പാനിനെ തകര്‍ത്താണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതയും ഇന്ത്യ നേടി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 95 ആയി.ഇന്ത്യയ്ക്കായി രണ്ട് ഗോളുകള്‍ വീതം ഹര്‍മന്‍പ്രീത് നേടിയപ്പോള്‍ മന്‍പ്രീത് സിങ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവര്‍ ഓരോ?ഗോള്‍ വീതം നേടി.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യയുടെ നാലാമാത്തെയും 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുശേഷം ആദ്യത്തെയും സ്വര്‍ണ നേട്ടമാണിത്. 1966ലെയും 1998ലെയും ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു അതിന് മുമ്പ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി സ്വര്‍ണം നേടിയത്.സെമിയില്‍ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിലും അഞ്ച് ഗോളടിച്ച് ഇന്ത്യ പോരാട്ട വീര്യം കാണിച്ചു. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ 25-ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍വര്‍ഷം തുടങ്ങിയത്. മന്‍പ്രീത് സിങായിരുന്നു ഇന്ത്യക്കായി ലിഡെടുത്തത്. ഗോള്‍ വീണതോടെ ആക്രമണം കനപ്പിച്ച ജപ്പാന് ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍ പോസ്റ്റിന് താഴെ മലയാളി താരം പി ആര് ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മാത്രം മുന്നിലായിരുന്ന ഇന്ത്യ മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ലീഡുയര്‍ത്തുകയായിരുന്നു.
പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങ് ആണ് ഇന്ത്യക്കായി ജപ്പാന് പോസ്റ്റിലേക്ക് നിറയൊഴിച്ചത്. നാലു മിനിറ്റിനകം ഇന്ത്യ മൂന്നാം ഗോളും നേടി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് അമിത് രോഹിദാസായിരുന്നു ഇന്ത്യയുടെ സ്കോറര്‍. നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഗോളടിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കിലും 48-ാം മിനിറ്റില്‍ അഭിഷേക് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ഉറപ്പിച്ച നാലാം ഗോള്‍ നേടി. 59-ാം മിനറ്റിലായിരുന്നു ഇന്ത്യയുടെ അടുത്ത ഗോള്‍. ഖവാര യമാട്ടോയാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.






