ന്യൂഡല്‍ഹി: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 103ലെത്തി. ബാഡ്മിന്റണ്‍ ഡബിസില്‍ ഇന്ത്യയുടെ സാത്വിക്- ചിരാഗ് ജോഡികള്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ചരിത്രമാണിത്. ദക്ഷിണ കൊറിയയുടെ ചോയി സോള്ഗ്യൂ- കിം വോന്ഹൂ സഖ്യത്തെയാണ് തോല്‍പ്പിച്ചത്.
അതേസമയം, പുരുഷന്മാരുടെ കബഡി മത്സരം തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഫൈനലില്‍ ഇന്ത്യയും ഇറാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പോയിന്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മത്സരം നിര്‍ത്തിവയ്ക്കാന്‍ കാരണം. ആദ്യപകുതിയില്‍ 5-7 ആയിരുന്നു പോയിന്റ് നിലയെങ്കില്‍ രണ്ടാം പകുതിയില്‍ 19-13ലെത്തി. ഒടുവില്‍ മത്സരം പുനരാംഭിച്ചപ്പോള്‍ ഇറാനെ 33-29ന് തോല്‍പ്പിച്ചു.
വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ ജപ്പാനെ 2-1ന് തോല്‍പ്പിച്ച് വെങ്കലം സ്വന്തമാക്കി.
പുരുഷന്മാരുടെ ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച് സ്വര്‍ണം നേടി.
ഇതുവരെ 103 മെഡലുകള്‍ ഇന്ത്യ നേടി. ഇതില്‍ 28 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമുണ്ട്. ഇന്ന് ഇതുവരെ ആറ് സ്വര്‍ണം നേടി. അമ്പെയ്ത്ത്: വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ജ്യോതി സുരേഖ വെന്നം, പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ഒജസ് പ്രവീണ്‍ ദ്യോത്തലെ, വനിതകളുടെ കബഡി, ബാഡ്മിന്റണ്‍: പുരുഷന്മാരുടെ ഡബിള്‍സ്, പുരുഷന്മാരുടെ കബഡി, പുരുഷന്മാരുടെ ക്രിക്കറ്റ് എന്നീ വിഭാഗങ്ങളിലാണ് സ്വര്‍ണം.






