
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളില്‍ ഒന്ന് പ്രതീക്ഷിക്കുന്നത് കോട്ടയത്ത്. എല്‍ഡിഎഫും യുഡിഎഫും മുന്നണിയിലെ കേരളാകോണ്‍ഗ്രസുകള്‍ക്ക് സീറ്റ് വിട്ടുകൊടുത്താല്‍ കോട്ടയത്ത് കെഎം. മാണിയുടെ പാര്‍ട്ടിയിലെ പഴയ സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുമെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല.
യുഡിഎഫിനോട് പിജെ ജോസഫ് വിഭാഗവും എല്‍ഡിഎഫിനോട് ജോസ് കെ മാണിയും സീറ്റിനായി അവകാശം ഉന്നയിക്കുകയും അത് ഇരു മുന്നണികളും നല്‍കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കോട്ടയത്ത്് മത്സരിക്കുക ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിലാകുമെന്ന് കരുതുന്നവര്‍ കുറവല്ല. രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാകുന്ന ജോസ് കെ മാണി കോട്ടയത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന്് വ്യക്തമല്ല. നിലവില്‍ എംഎല്‍എയായ പിജെ ജോസഫും മത്സരിക്കുമോ എന്നത് ഉറപ്പില്ല. അതേസമയം കോട്ടയം സീറ്റ് എല്‍ഡിഎഫ് ജോസിനും യുഡിഎഫ് ജോസഫിനും ഈ സീറ്റ് നല്കാന് നേരത്തേ തന്നെ തീരുമാനം എടുത്തിട്ടുള്ളതാണ്.
കോട്ടയം ജോസഫിനും ജോസിനും അഭിമാന പ്രശ്നമായതിനാല്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെയാകും ഇരു കൂട്ടരും ഇവിടെ പരീക്ഷിക്കുക. നിയമസഭായാണ് സ്ഥിരം തട്ടകമെങ്കിലും പാര്‍ലമെന്റ് മോഹം പണ്ടേ പരസ്യമാക്കിയിട്ടുള്ളയാളാണ് പി.ജെ. ജോസഫ്. അടുത്ത വര്‍ഷം ജൂണില്‍ ജോസ് കെ മാണിയുടെ കാലാവധി അവസാനിക്കുകയും ചെയ്യും. യുഡിഎഫിനായി ജോസഫ് വന്നാല്‍ ജോസ് കെ മാണിയെ എതിരാളിയാക്കാനാണ് ഇടതുപക്ഷത്തിന് താല്‍പ്പര്യം. സിപിഎം ജോസ് കെ മാണിക്ക് സമ്മര്‍ദ്ദം നല്‍കുമെന്ന് ഉറപ്പ്.
അതേസമയം സംഘടനാ പ്രവര്‍ത്തനങ്ങളുടെ നേതൃത്വമെന്ന കാര്യം കൂടി നില്ക്കുന്നതിനാല് സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനുള്ള താല്‍പ്പര്യത്തിലാണ് ജോസ് കെ മാണിയെന്നും വിവരമുണ്ട്. മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുക്കുമ്പോള്‍ ജോസ് കെ മാണി മത്സരിച്ചില്ലെങ്കില്‍ തോമസ് ചാഴിക്കാടനെ പരിഗണിച്ചേക്കാനും മതി. ഫ്രാന്‍സിസ് ജോര്‍ജും പി.സി.തോമസും തോമസ് ഉണ്ണിയാടനും സജി മഞ്ഞക്കടമ്പിലുമുള്‍പ്പെടെ രണ്ടാം നിര നേതാക്കള്‍ ജോസഫിന്റെ കേരളാകോണ്ഗ്രസില് അവസരം കാത്തിരിക്കുന്നവരാണ്.






