
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വളഞ്ഞവഴി, കാക്കാഴം പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. മൂന്ന് വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് വളഞ്ഞ വഴിയിലാണ് കഴിഞ്ഞ രാത്രി മുതല്‍ കടല്‍ ക്ഷോഭം ശക്തമായത്. വെള്ളം തെങ്ങില്‍ സാബു, പുതുവല്‍ സുധീര്‍, ഓമനക്കുട്ടന് എന്നിവരുടെ വിടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു. 10 ഓളം വീടുകള്‍ ഇവിടെ തകര്‍ച്ച ഭീഷണിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഏതാനും ദിവസം മുന്‍പാണ് കടലാക്രമണത്തെ ചെറുക്കാനായി ഇവിടെ ടെട്രാപോഡ് നിരത്തിയത്. എന്നാല്‍ ടെട്രാപോഡിന് മുകളിലൂടെ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ടെട്രാപോഡുകള്‍ ഇപ്പോള്‍ കടലിന് അടിയിലാണ്. സര്‍ക്കാര്‍ സഹായമില്ലാതെ തങ്ങള്‍ അധ്വാനിച്ച് നിര്‍മിച്ച വീടുകളാണ് കടലെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് നിര്‍മിച്ച വീടുകളാണ് തകര്‍ന്നടിഞ്ഞത്.
പണം തിരിച്ചടക്കാത്തതിനാല്‍ വീട് ജപ്തി ഭീഷണിയിലാണെന്നും ഇവര്‍ പറയുന്നു. കൃത്യമായ സമയത്ത് കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണം നടക്കാത്തതാണ് വീടുകള്‍ തകരാന്‍ കാരണമായതെന്നും ഇവര്‍ പറയുന്നു. നിരവധി തെങ്ങുകളും കടപുഴകി വീണു. വീടുകള്‍ തകര്‍ന്നെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുടങ്ങിയിട്ടില്ല.






