
ന്യൂയോര്‍ക്ക്: ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബ്രസീലിന് കനത്ത പരാജയം. ഉറുഗ്വേയുടെ ഹോം സ്റ്റേഡിയമായ എസ്റ്റാഡിയോ സെന്റിനാരിയോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഉറുഗ്വേ മഞ്ഞപ്പടയെ തകര്‍ത്തത്. ഡാര്വിന് നൂനസും നികോളാസ് ഡി ലാക്രൂസുമാണ് ഉറുഗ്വേക്കായി വലകുലുക്കിയത്.
മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് ഉറുഗ്വേ ലീഡ് നേടി. സ്ട്രൈക്കര്‍ ഡാര്വിന് നൂനസാണ് ബ്രസീലിയന്‍ വല കുലുക്കിയത്. രണ്ടാം പകുതി മത്സരത്തിന്റെ നിയന്ത്രണം ഉറുഗ്വേ ഏറ്റെടുത്തു. 77-ാം മിനിറ്റില്‍ നിക്കോളാസ് ഡി ലാ ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി. ബ്രസീലിയന്‍ ഡിഫെന്‍ഡര്‍മാര്‍ക്കിടയില്‍ നിന്നും ഡാര്വിന് ന്യൂനെസ് കൊടുത്ത പാസില്‍ നിന്നാണ് രണ്ടാം ഗോള്‍ പിറന്നത്.
വിജയത്തോടെ ഉറുഗ്വേ ബ്രസീലിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റാണ് ഉറുഗ്വേയ്ക്ക് ഉള്ളത്. സൗത്ത് അമേരിക്ക യോഗ്യതാ മത്സരങ്ങളില്‍ 2015 നു ശേഷമുള്ള ബ്രസീല്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.
നെയ്മറിന് മല്‍സരത്തിനിടെ ഗുരുതര പരിക്കേറ്റു. കാല് മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എ സി എല്‍ ഇഞ്ച്വറി ആണെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 44ാം മിനിറ്റിലാണ് താരം ഭീകരമായ ടാക്കിളിന് വിധേയമായത്.
ഉറുഗ്വെ താരം നിക്കോളസ് ലീ ഡാ ക്രൂസ് ആണ് താരത്തെ ഫൗള്‍ ചെയ്തത്. പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്ത് പോയി. പരിക്ക് ഗുരുതരമായതിനാല്‍ നെയ്മര്‍ ഈ സീസണില്‍ ഇനി കളിക്കുന്ന കാര്യം സംശയമാണ്. നെയ്മര്‍ ഇന്ന് കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.
ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്. അല്‍ ഹിലാലിനായി ഫിറ്റ്നസിലേക്കും ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിയെ നേരിടാന്‍ ആയി നെയ്മര്‍ ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ക്കും ഈ വാര്‍ത്ത തിരിച്ചടിയാണ്.






