ഇസ്ലാമാബാദ്: നാല് വര്‍ഷമായി പാകിസ്താനില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഷ് രാജ്യത്ത് തിരിച്ചെത്തുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് രാഷ്ട്രീയ തിരിച്ചുവരവിനൊരുങ്ങിയാണ് ഷെരീഫ് ഇന്ന് മടങ്ങിയെത്തുക. 2024 ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. രാഷ്ട്രീയവും സാമ്പത്തികവും സുരക്ഷാപരമായും പാകിസ്താന് ഏറെ പ്രതിസന്ധിയില്‍ നില്ക്കുന്ന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.
'ഇത് പ്രതീക്ഷയുടെയും ആഘോഷത്തിന്റെയും സമയമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാകിസ്താന്റെ സമ്പദ്ഘടനയ്ക്കും ജനങ്ങള്‍ക്കും നല്ല ഭാവി നല്‍കുമെന്ന് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന് മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞൂ.
അധികാരം നഷ്ടപ്പെട്ടതോടെ രാജ്യം വിട്ട ഷെരീഫ് ഏറെക്കാലമായി ദുബായിലാണ്. ഇന്ന് ഇസ്ലാമാബാദിലെത്തുന്ന ഷെരീഫ് പിന്നീട് ലഹോറിലേക്ക് പോകും. ഇവിടെ വലിയ സ്വീകരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊരുക്കുന്നുണ്ട്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫിനു ഭീഷണിയായി ജയില്‍വാസം അടക്കം മുന്നിലുണ്ട്. എന്നാല്‍ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യരുതെന്ന ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ഷെരീഫിന് സംരക്ഷണമൊരുന്നു.
2017ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഷെരീഫിന് അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആജീവനാന്ത രാഷ്ട്രീയ വിലക്ക് നേരിടേണ്ടിവന്നിരുന്നു. ഏഴ് വര്‍ഷം തടവുശിക്ഷ ലഭിച്ചുവെങ്കിലും ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ചികിത്സാര്‍ത്ഥം ലണ്ടനിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. ഇമ്രാന് ഖാന് സര്‍ക്കാര്‍ ഷെരീഫിനെ വലിഞ്ഞുമുറുക്കിയെങ്കിലും കഴിഞ്ഞ വര്‍ഷം ഇമ്രാന് ഖാനെ പുറത്താക്കി ഷെരീഫിന്റെ സഹോദരന് ഷെബാസ് ഷെരീഫ് അധികാരം പിടിച്ചതോടെ രാഷ്ട്രീയ ഗതി മാറുകയായിരുന്നു.






