
ധര്‍മ്മശാല : ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ പുറത്തിരുന്നശേഷം ആദ്യമായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് പേസര്‍ മുഹമ്മദ് ഷമി. ഈ വിക്കറ്റ് നേട്ടത്തോടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ബൗളറായി ഷമി മാറി. ഇതിഹാസ താരം അനില്‍ കുംബ്ലെയെയാണ് ഷമി ഇവിടെ മറികടന്നത്. ന്യൂസിലന്‍ഡിനെ വില്‍ യങ്ങിനെ പുറത്താക്കിയാണ് ഷമി കുംബ്ലെയെ മറികടന്നത്.
ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇന്ത്യന്‍ ബൗളിംഗ് ആക്രമണം തുടങ്ങിയത്. മെയ്ഡന്‍ ഓവര്‍ എറിഞ്ഞാണ് ബുമ്ര തുടങ്ങിയത്.നാലാം ഓവറില്‍ മുഹമ്മദ് സിറാജ് ഡെവോണ്‍ കോണ്‍വെയെ സ്ക്വയര്‍ ലെഗ്ഗില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി. ബുമ്രയും സിറാജും കൂടി എട്ടോവര്‍ പൂര്‍ത്തിയാക്കിയശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിച്ചത്.
2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ഷമി ആദ്യമായി ഇന്ത്യക്കായി ലോകകപ്പില്‍ കളിച്ചത്. ആ ലോകകപ്പില്‍ ഏഴ് കളികളില്‍ 17 വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ ഷമി രണ്ടാമതെത്തിയിരുന്നു.2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാകട്ടെ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് അടക്കം ഷമി 14 വിക്കറ്റ് വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ വിക്കറ്റ് വേട്ട
സഹീര്‍ ഖാന്- 44
ജവഗല്‍ ശ്രീനാഥ് 44
മുഹമ്മദ് ഷമി- 32
അനില്‍ കുംബ്ലെ- 31
തന്റെ ആദ്യ പന്തില്‍ തന്നെ ഷമി വില്‍ യങിനെ ബൗള്‍ഡാക്കിയാണ് തുടങ്ങിയത്. നാലു മത്സരങ്ങളിള്‍ പുറത്തിരുന്നശേഷം കിട്ടിയ അവസരം ഷമി ആദ്യ പന്തില്‍ തന്നെ മുതലാക്കി.തന്റെ രണ്ടാം ഓവറിലും ഷമി വിക്കറ്റ് വീഴ്ത്തേണ്ടതായിരുന്നു. ഷമിയുടെ പന്തില്‍ രചിന് രവീന്ദ്ര നല്കിയ അനായാസ ക്യാച്ച് രവീന്ദ്ര ജഡേജ അവിശ്വസനീയമായി നിലത്തിട്ടില്ലായിരുന്നെങ്കില്‍ തുടക്കത്തിലെ കിവികളുടെ ചിറകരിയാന്‍ ഇന്ത്യക്കാവുമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലടക്കം കിവീസിനായി തകര്‍ത്തടിച്ച രചിന് രവീന്ദ്രയെ കൈവിട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്യുകയാണ്.





