
കൊല്ലം: വിനോദയാത്രയ്ക്കിടെ ഗവിയില്‍ നിന്ന് കാറിന്റെ ബോണറ്റിലേക്ക് കയറിയ രാജവെമ്പാലയെ 36 മണിക്കൂറിനുശേഷം പിടികൂടി. കാറിനുള്ളിലിരുന്ന് 200 കിലോമീറ്റര്‍ നാടുചുറ്റിയശേഷമാണ് രാജവെമ്പാലയെ പിടികൂടിയത്. കൊല്ലം ശാസ്താംകോട്ട ആനയടി തീര്‍ത്ഥത്തില്‍ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് ഗവി യാത്രയ്ക്കിടെ ആറടി വലിപ്പമുള്ള രാജവെമ്പാല ഒളിച്ചുകടന്നത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തില്‍ പാമ്പിനെ പുറത്തെടുത്തത്.
ഞായറാഴ്ചയായിരുന്നു ഗവി യാത്ര. ആങ്ങാമൂഴി ചെക്പോസ്റ്റ് കഴിഞ്ഞ് 4 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് റോഡരികില്‍ പാമ്പിനെ കണ്ടത്. മൊബൈലില്‍ ചിത്രം പകര്‍ത്തി സാവധാനം വാഹനമോടിക്കുന്നതിനിടയില്‍ വെട്ടിത്തിരിഞ്ഞ പാമ്പ് വാഹനത്തിനടിയിലേക്ക് കയറുന്നതാണ് കണ്ടത്. നിര്‍ത്തിയെങ്കിലും പിന്നെ പാമ്പിനെ കാണാതെവന്നത് ആശങ്കയായി. പാമ്പ് പോയിരിക്കാമെന്ന പ്രതീക്ഷയില്‍ യാത്ര തുടര്‍ന്നു.
ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോള്‍ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നില്‍ മണംപിടിച്ചു നില്ക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയില്‍പെട്ടു. ഇതോടെ പാമ്പ് ഉള്ളിലുണ്ടാകുമെന്ന സംശയം ബലപ്പെട്ടു. യാത്രയ്ക്കിടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ ചെക്പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംശയം പങ്കിട്ടു. അവര്‍ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പാമ്പ് ഉള്ളിലുണ്ടാകാന്‍ സാധ്യതയില്ലെന്നും കയറിയിരുന്നെങ്കില്‍ത്തന്നെ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
യാത്ര കഴിഞ്ഞ് വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സിസിടിവിയില്‍ കാര്‍ നിരീക്ഷിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. രാവിലെ വളര്‍ത്തുനായ ബാബര്‍ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്ന് കുരയ്ക്കാന്‍ തുടങ്ങി. ഈ അനുഭവം മനുരാജ് 'കേരളത്തിലെ പാമ്പുകള്‍' എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവെച്ചു. പാമ്പ് കാറിനുള്ളില്‍ത്തന്നെയുണ്ടാകുമെന്ന അഭിപ്രായക്കാരായിരുന്നു പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും. പിന്നീട് ഏറെ വൈകാതെ വാവാ സുരേഷിനെ വിവരമറിയിച്ചു.
പാമ്പ് വാഹനത്തിനുള്ളിലുണ്ടെന്നറിഞ്ഞതോടെ മെക്കാനിക്കുകള്‍ മടിച്ചു. ഒടുവില്‍ രണ്ടുപേരെത്തി. തിങ്കളാഴ്ച രാത്രി 9.30ഓടെ വാവസുരേഷ് എത്തി. ബോണറ്റ് തുറന്ന് ഏറെനേരം പരതിയിട്ടും പാമ്പിനെ കാണാതെവന്നതോടെ നായയെ കൊണ്ടുവന്നു. നായ മണത്തിടത്ത് പരിശോധിച്ചപ്പോള്‍ പാമ്പ് അവിടെയുണ്ട്. പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു. വാഹനഭാഗങ്ങള്‍ ശരിയായി ഇളക്കാന്‍ ആളില്ലാതെവന്നതും രക്ഷാപ്രവര്‍ത്തനം വൈകിച്ചു. ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.20ഓടെയാണ് പാമ്പിനെ പിടികൂടിയത്.
അല്പം ഗ്രീസ് പറ്റിയെന്നല്ലാതെ കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. പാമ്പിനെ വനംവകുപ്പിന് കൈമാറി. 'കേരളത്തിലെ പാമ്പുകള്‍' ഗ്രൂപ്പില്‍ പാമ്പിനെ പിടികൂടിയതായി അറിയിച്ച് മനുരാജിട്ട അടുത്ത പോസ്റ്റില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ വളര്‍ത്തുനായ ബാബറിനുള്ള കൈയടികളാണ് ഏറെയും.






