
ജീവിതത്തില്‍ ഏകാന്ത അനുഭവിച്ചിട്ടില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എല്ലവരും ഇത്തരത്തില്‍ വേദനാജനകമായ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാകും. ആളുകള്‍ പലപ്പോഴും നിസ്സഹായരായി പോകുന്ന അവസ്ഥയാണിത്. കാരണം തനിച്ചായിരിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. മനുഷ്യര്‍ക്ക് ആയാലും മൃഗങ്ങള്‍ക്കായാലും ഏകാന്തതയെ അതിജീവിക്കുക ഏറെ ദുഷ്കരമാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒറ്റപ്പെട്ട് പോയ ഒരു ആടിനെ രക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഒരു കൂട്ടം മൃഗസ്നേഹികള്‍. സ്കോട്ടിഷ് ഹൈലാന്‍ഡ്സ് മലഞ്ചെരിവിന്റെ ചുവട്ടില്‍ എങ്ങനെയോ കുടുങ്ങിപ്പോയ ഒരു ആടിനെ അവിടെ നിന്നും രക്ഷപ്പെടുത്തണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ജിലിയന് ടര്‍ണര്‍ എന്ന സ്ത്രീയാണ് 2021 ല്‍ ഈ ആടിനെ ആദ്യമായി കണ്ടത്. ബാലിന്റോറില്‍ നിന്ന് സ്കോട്ട്ലന്‍ഡിലെ നിഗ്ഗിലേക്കുള്ള ഒരു കയാക്കിംഗ് യാത്രക്കിടയിലാണ് ഒറ്റപ്പെട്ടുപോയ ഈ ആടിനെ ഇവര്‍ ആദ്യമായി കണ്ടത്. എന്നാല്‍, അടുത്ത കാലത്ത് അവര്‍ ഇതുവഴി വീണ്ടും കയാക്കിംഗ് യാത്രയ്ക്കായി പോയപ്പോള്‍ അതെ ആടിനെ വീണ്ടും കണ്ടെത്തിയതാണ് ജിലിയന് ടര്‍ണറെ ആശ്ചര്യപ്പെടുത്തിയത്. ഒരു ഇടുങ്ങിയ കടല്‍ത്തീരത്ത് ആയിരുന്നു ഇവര്‍ ആദ്യമായി ആടിനെ കണ്ടെത്തിയത്. രണ്ടാമതും അതേ കടല്‍ തീരത്തോട് ചേര്‍ന്നാണ് ഇവര്‍ ആടിനെ കണ്ടെത്തിയത്. രണ്ട് വര്‍ഷമായി ഈ ആട് ഒറ്റപ്പെട്ട് ജീവിക്കുകയാണെന്നത് തന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിയെന്നും ഒറ്റപ്പെടലില്‍ നിന്നും അതിനെ എത്രയും വേഗത്തില്‍ അവനെ മോചിപ്പിക്കേണ്ടതുണ്ടെന്നുമാണ് ടര്‍ണര്‍ വെളുപ്പെടുത്തിയത്.
ഏതായാലും ആടിന്റെ ദയനീയ അവസ്ഥ നേരില്‍ കണ്ട ടര്‍ണര്‍ ഭയാനകമായ സാഹചര്യത്തില്‍ നിന്നും അതിനെ രക്ഷിക്കാന്‍ മൃഗസംഘടനകളുടെ സഹായം തേടിയിരിക്കുകയാണ്. ആടിനെ വീണ്ടെടുത്ത് മറ്റ് ആട്ടിന്‍ കൂട്ടത്തിനൊപ്പം ജീവിക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യവുമായി മൃഗസംഘടനയുടെ നേതൃത്വത്തില്‍ ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ നിവേദനം തയ്യാറാക്കി കഴിഞ്ഞു. എന്നാല്‍, ജിലിയന് ടര്‍ണറുടെ വാക്കുകളുമല്ലാതെ ഈ ആടുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.






