
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ആറ് മാസത്തോളമായി സസ്പെന്‍ഷനിലായിരുന്ന ഐജി പി വിജയന്റെ സസ്പെന്ഷന് പിന്‍വലിച്ചു. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി എന്നാരോപിച്ചാണ് ഐജി പി വിജയനെ മെയ് 18 ന് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് പിന്‍വലിക്കാന്‍ ഉത്തരവായത്. സസ്പെന്ഷന് പിന്‍വലിച്ചെങ്കിലും ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി. എലത്തൂര്‍ കേസ് പ്രതിയെ രത്നഗിരിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായെന്നായിരുന്നു എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചായിരുന്നു സര്‍ക്കാരിന് പി വിജയന് വിശദീകരണം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്പെന്ഷന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പി വിജയന്റെ വിശദീകരണത്തിന് മേല്‍ സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തര വകുപ്പ് സസ്പെന്ഷന് പിന്‍വലിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
സംസ്ഥാന പോലീസ് സേനയില്‍ തന്നെ മികച്ച സര്‍വീസ് ട്രാക്കുള്ള ഉദ്യോഗസ്ഥനായിരുന്നു ഐജി പി വിജയന്. ഇദ്ദേഹത്തിനെതിരായ സസ്പെന്ഷന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക അതൃപ്തിക്ക് കാരണമായിരുന്നെങ്കിലും ഓഫീസേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുകയോ സസ്പെഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.






