
തമിഴ് സിനിമാതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ജയം രവി. സംവിധായകന് മോഹന്‍ രാജയുടെ സഹോദരനാണ് മോഹന്‍ രവി എന്ന ജയം രവി. ആദ്യം അഭിനയിച്ച സിനിമയുടെ പേര് കൂടി ചേര്‍ത്താണ് ജയം രവി എന്ന പേരിലേക്ക് താരം മാറിയത്. പില്ക്കാലത്ത് ആ പേര് സ്ഥിരമാവുകയായിരുന്നു. തമിഴില്‍ മുന്‍നിര താരങ്ങളില്‍ ഒരാളായ ജയം രവി കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. പൊന്നിയിന്‍ സെല്‍വനടക്കം അടുത്തിടെ താരത്തിന്റേതായി വന്ന മിക്ക സിനിമകളും പ്രേക്ഷക പ്രശംസ നേടിയിരുന്നു. സ്വന്തം കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം കുടുംബത്തെയും ചേര്‍ത്ത് പിടിക്കാന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഭാര്യ ആരതി രവി തന്നെ പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവായ ജയം രവി ഗര്‍ഭകാലത്ത് തന്നെ പരിപാലിച്ചതിനെ കുറിച്ച് ഭാര്യ ആരതി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. .2009 ലാണ് ജയം രവി ആരതിയെ വിവാഹം കഴിക്കുന്നത്. ശേഷം ഇവര്‍ക്ക് രണ്ട് ആണ്മക്കളും ജനിച്ചു. അതിലൊരാള്‍ രവിയുടെ തന്നെ ടിക് ടിക് ടിക് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ ആരാധകര്‍ക്കും ദീപാവലി ആശംസകള്‍ നേരുകയാണ് താരം. ‘‘ഈ ദീപാവലി സ്നേഹവും വെളിച്ചവും കൊണ്ട് നിറയുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ സ്നേഹപൂർവമായ ദീപാവലി ആശംസകൾ! ഞങ്ങളുടെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് സ്നേഹവും വെളിച്ചവും. ദീപാവലി ആശംസകൾ...’’ എന്നാണ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള കുടുംബചിത്രം പങ്കിട്ടിരിക്കുകയാണ് താരം. മക്കളായ ആരവും അയാനും കേരളത്തനിമയുള്ള വേഷത്തിലാണ് ചിത്രങ്ങളില്‍ തിളങ്ങുന്നത്. മക്കള്‍ക്കൊപ്പം വയലറ്റ് പട്ടുസാരി ധരിച്ച് ആരതിയും മുണ്ടും ഷര്‍ട്ടും ധരിച്ച് ജയം രവിയും ചിത്രത്തിലുണ്ട്. ഇവരുടെ കൂടെ പെറ്റ് ഡോഗുമുണ്ട്.
എം. കുമാരന് സണ്‍ ഓഫ് മഹാലക്ഷ്മി, തൂങ്കു നടുവും, ദീപാവലി, സന്തോഷ് സുബ്രഹ്മണ്യം, പേരന്മൈ, തില്ലലങ്ങാടി, എങ്കെയും കാതല്‍, തനി ഒരുവന്, വനമകന്‍, കോമാളി, പൊന്നിയിന്‍ സെല്വന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജയം രവി അഭിനയിച്ചു. ഇതുവരെ 30 ലധികം സിനിമകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ അഭിനയിച്ച മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന് താരത്തിന് ഏറെ പ്രശംസയാണ് ലഭിച്ചത്.






