
മെസ്സിയുടേയും സംഘത്തിന്റെയും അപരാജിത കുതിപ്പിന് ഒടുവില്‍ തടയിട്ട് ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേ. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലിയോണേല്‍ മെസ്സിയുടെ അര്‍ജന്റീനയെ 2-0 നാണ് ഉറുഗ്വേ തോല്‍പ്പിച്ചത്. മറുവശത്ത് വമ്പന്മാരായ ബ്രസീലിനെ കൊളംബിയ 2-1 ന് കീഴടക്കി.
ബ്യൂണസ് ഐറിസിലെ ബൊംബാനേരാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രതിരോധക്കാരന് റൊണാള്‍ഡ് അരൗജോയായിരുന്നു ഉറുഗ്വേയുടെ ആദ്യ ഗോള്‍ നേടിയത്. കളി 41 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ഈ ഗോള്‍ വന്നത്. പിന്നാലെ 87 ാം മിനിറ്റില്‍ ഒന്നാന്തരം ഒരു കൗണ്ടര്‍ അറ്റാക്കില്‍ ലിവര്‍പൂളിന്റെ മുന്നേറ്റക്കാരന് കൂടിയായ ഡാര്വിന് ന്യൂനസും ഉറുഗ്വോയ്ക്കായി ഗോള്‍ നേടി.
ഖത്തറില്‍ 2022 ലോകകപ്പിന്റെ തുടക്കത്തില്‍ സൗദി അറേബ്യയോട് 2-1 ന് തോറ്റതിന് ശേഷം ആദ്യമായിട്ടാണ് അര്‍ജന്റീന തോല്‍വി അറിഞ്ഞത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ആദ്യ നാലു മത്സരങ്ങളും ജയിച്ച അര്‍ജന്റീനയ്ക്ക് ഇനി നേരിടേണ്ടത് അടുത്തയാഴ്ച ബ്രസീലിനെയാണ്.
അതേസമയം ബ്രസീല്‍ കൊളംബിയയോട് പരാജയപ്പെട്ടു. ലിവര്‍പൂള്‍ താരം ലൂയിസ് ഡയസിന്റെ ഇരട്ടഗോളുകളായിരുന്നു ബ്രസീലിന്റെ വിധിയെഴുതിയത്. കഴിഞ്ഞ ദിവസമായിരുന്നു കൊളംബിയന്‍ താരത്തിന്റെ മാതാപിതാക്കളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ശേഷം വിട്ടയച്ചത്.
ഡയസ് ബ്രസീലിനെതിരേ ഗോളുകള്‍ നേടുന്നത് കാണാന്‍ ഗ്യാലറിയില്‍ ഡയസിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. പുതിയ ഫലങ്ങള്‍ വന്നതോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഉറുഗ്വോ 10 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. അഞ്ചു കളിയില്‍ 12 പോയിന്റുള്ള അര്‍ജന്റീനയാണ് പട്ടികയില്‍ ഏറ്റവും മുകളിലുള്ളത്.




