
കോട്ടയം: നവകേരള സദസിന്റെ ഭാഗമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു സി.പി.ഐ. മന്ത്രിമാര്‍ മുന്നോട്ടുപോകുമ്പോള്‍, സര്‍ക്കാരിനെതിരേ ജാഥയുമായി പാര്‍ട്ടിയുടെ സര്‍വീസ് സംഘടന ജോയിന്റ് കൗണ്‍സില്‍. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, പഴയ പെന്ഷന് പുനഃസ്ഥാപിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തിയാണു ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ നടത്തുന്നത്.
ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിംഗല്‍, ചെയര്മാന് കെ. ഷാനവാസ് ഖാന് എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണു സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നിനു തുടങ്ങിയ ജാഥ അടുത്തമാസം ഏഴിന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇതേ ആവശ്യമുന്നയിച്ച് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സര്‍ക്കാര്‍ നയത്തിനെതിരേ മുന്നണിയിലെ പ്രധാന ഘടകകക്ഷിയുായ സി.പി.ഐയുടെ സര്‍വീസ് സംഘടന മാര്‍ച്ച് നടത്തിയതിനെതിരേ അന്ന് ഇടതുമുന്നണിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് വകവെയ്ക്കാതെയാണ് സര്‍ക്കാരിന്റെ അഭിമാന പരിപാടികളായ നവകേരള സദസും യാത്രയും നടക്കുന്ന ദിവസങ്ങളില്‍ തന്നെ സര്‍ക്കാരിനെതിരേ ജോയിന്റ് കൗണ്‍സില്‍ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സര്‍ക്കാരിന്റെ നേട്ടങ്ങളും വരും നാളുകളിലെ കാഴ്ചപ്പാടും വിവരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതു സി.പി.ഐയില്‍നിന്നുള്ള റവന്യൂ മന്ത്രി കെ. രാജെനയാണ്.
സിവില്‍ സര്‍വീസ് സംരക്ഷണ ജാഥ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നുംമാറ്റം വരുത്താന്‍ കഴിയില്ലെന്നുമാണ് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര നയം പിന്തുടര്ന്നാണ് സംസ്ഥാനത്തും പങ്കാളിത്ത പെന്ഷന് നടപ്പാക്കിയത്്. എന്നാല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്, ഛത്തിസ്ഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ നിന്നും പിന്മാറിയെന്നും അതിനാല്‍ കേരളവും പദ്ധതിയില്‍ നിന്നു പിന്മാറണമെന്നാണു ജോയിന്റ് കൗണ്‍സിലിന്റെ ആവശ്യം.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും ജാഥയില്‍ വിമര്‍ശിക്കുന്നുണ്ട്. പൊതു വികസന മേഖലകളെ തകര്‍ക്കുന്ന നിലയിലാണു കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സമീപനമെന്നു ജാഥയില്‍ വിമര്‍ശമുയര്‍ന്നു. അര്‍ഹതപ്പെട്ട നികുതി വിഹിതം നിഷേധിച്ചും കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം െവെകിപ്പിച്ചും നിഷേധിച്ചും കേരളത്തോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ജോയിന്റ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.






