
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്മ്മിച്ചകേസില് പോലീസ് പിടികൂടിയ പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഉടമസ്ഥതയിലുള്ള കാറിലെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഹുലിന്റെ കെ.എല്‍. 26 എല്‍ 3030 വെള്ളകാറില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും അറസ്റ്റിലായവര്‍ രാഹുലിന്റെ വിശ്വസ്തരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെനി നൈനാന്, ബിനില്‍ ബിനു എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. മേട്ടുകടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികള്‍ കാറില്‍ സഞ്ചരിക്കവെ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. പിന്നീട് ഇവരെ പിടികൂടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായിരുന്നു വ്യജകാര്ഡ് നിര്‍മ്മിച്ചതെന്നും അറസ്റ്റിലായവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. നാല് പേരും ഒരുമിച്ച് ഇരുന്നാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞദിവസം പത്തനംതിട്ടയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഭിവിക്രമന്‍, ബിനില്‍ ബിനു, ഫെനി െനെനാന്‍ എന്നിവരെയും ഇന്നലെ അറസ്റ്റുചെയ്ത വികാസ് കൃഷ്ണയെയും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. നാലുപേര്‍ക്കും താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പ്രതികള്‍ ഹാജരാകണം. സ്ഥിര ജാമ്യം ഇന്ന് പരിഗണിക്കും.
കേസില്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യാന്‍ അനേ്വഷണസംഘം തീരുമാനിച്ചു. പിടിയിലായവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. 25നു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു രാഹുലിനു നോട്ടീസയച്ചു. അടൂരിലെ ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവില്‍പോയതായും അനേ്വഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേസ് അനേ്വഷിക്കുന്ന പ്രത്യേക സംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത് തിരുവനന്തപുരം സിറ്റി കമ്മിഷണറും കന്റോണ്‍മെന്റ് എ.സിയുമാണ്.
മ്യൂസിയം എസ്.എച്ച്.ഒ. ആണ് അനേ്വഷണ ഉദ്യോഗസ്ഥന്. െസെബര്‍ പോലീസ് ഉള്‍പ്പെടെ സംഘത്തിലുണ്ട്. അതിനിടെ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനു നല്കിയ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടി സ്വീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിന് ഇന്നലെ നോട്ടീസ് നല്കി.






