
ബംഗ്ലാദേശില്‍ പുല്ല് തിന്നതിന് അറസ്റ്റിലായി ഒരു വര്‍ഷത്തോളം ശിക്ഷ അനുഭവിക്കേണ്ടിവന്നത് ഒമ്പത് ആടുകള്‍ക്ക്.
കഴിഞ്ഞ വർഷം ഡിസംബർ 6 നാണ് സംഭവം നടന്നത്.
ബംഗ്ലാദേശിലെ കീർത്തൻഖോല നദിയുടെ തീരത്തുള്ള ബാരിഷാൽ നഗരത്തിലെ ഒരു ഖബര്‍സ്ഥാനില്‍ അലഞ്ഞ് നടന്ന ഒമ്പത് ആടുകള്‍ കയറുകയും പുല്ലും മറ്റ് മരങ്ങളുടെ ഇലകളും ഭക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കോര്പ്പറേഷന് അധികാരികള്‍ ആടുകളെ പിടികൂടി ജയിലില്‍ ഇടുകയായിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തെ തടവിന് ശേഷമാണ് ആടുകള്‍ ജയില്‍ മോചിതരായത്.
ബാരിഷാൽ സിറ്റി കോർപ്പറേഷൻ (ബിസിസി) മേയർ അബുൽ ഖൈർ അബ്ദുല്ല ആണ് ആടുകളെ നിരുപാധികം വിട്ടയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ആടുകളുടെ ഉടമ ഷഹരിയാർ സച്ചിബ് റജിബ് മുന്‍പ് നിരവധി തവണ ആടുകളെ വിട്ട് നല്കാന് അധികൃതരെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് പുതിയ മേയർ അധികാരമേറ്റെടുത്തപ്പോള്‍ ആടുകളുടെ മോചനം സാധ്യമായത്.






