
ഗുവാഹത്തി: ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട്സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്ട്രേലിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കൊര്ഡിനൊപ്പമെത്തിയിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവര്‍ക്കും നാല് സെഞ്ച്വറികള്‍ വീതമായി.
മാക്സ്വെല് സ്വന്തമാക്കിയ നാല് സെഞ്ച്വറികളില്‍ രണ്ടും ഇന്ത്യയ്ക്കെതിരെയായിരുന്നു. ചൊവ്വാഴ്ച ഇന്ത്യയ്ക്കെതിരെ നടന്ന മൂന്നാം ടി20യില്‍ 47 പന്തില്‍ മൂന്നക്കം തികച്ച മാക്സ്വെല് പുരുഷന്മാരുടെ ടി20യില്‍ ഓസ്ട്രേലിയയുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ആരോണ്‍ ഫിഞ്ചിന്റെയും ജോഷ് ഇംഗ്ലിസിന്റെയും ഒപ്പമെത്തുകയും ചെയ്തു. ഇതിന് പുറേമ 49 പന്തിലും 50 പന്തിലും സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുള്ള മാക്സ്വെല് തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സ്കോര്‍ പിന്തുടരുമ്പോള് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ് ഗ്ലെന്‍ മാക്സ്വെല്. രണ്ട് സെഞ്ചുറികള്‍ വീതം നേടിയ ബാബര്‍ അസം, മുഹമ്മദ് വസീം എന്നിവരെയാണ് മാക്സ്വെല് പിന്തള്ളിയത്. മൂന്ന് സെഞ്ചുറികള്‍ വീതമുള്ള ബാബര്‍ അസം, സബാവൂന്‍ ഡാവിസി (ചെക് റിപ്പബ്ലിക്ക്), കോളിന് മണ്‍റോ (ന്യൂസിലന്‍ഡ്), സൂര്യകുമാര്‍ യാദവ് എന്നിവരാണ് രോഹിത്തിന് പിറകില്‍.



