
െഹെദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എല്‍.ബി. സ്റ്റേഡിയത്തിലാണു സത്യപ്രതിജ്ഞ. ചടങ്ങിലേക്ക് അദ്ദേഹം എല്ലാ പൗരന്മാരെയും സ്വാഗതം ചെയ്തു. മറ്റ് മന്ത്രിമാര്‍ ഇന്ന് അധികാരമേല്ക്കുമോയെന്നു വ്യക്തമല്ല. തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാണു രേവന്ത് റെഡ്ഡി. 2014 ല്‍ സംസ്ഥാനം രൂപീകൃതമായന്ന അന്നു മുതല്‍ ഇതുവരെ ബി.ആര്.എസ്. നേതാവ് ചന്ദ്രശേഖര റാവുവായിരുന്നു തെലങ്കാന മുഖ്യമന്ത്രി.
''ഇന്ത്യ'' മുന്നണിയിലെ നേതാക്കളെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. അതേസമയം സോണിയാ ഗാന്ധി എത്തുമോയെന്ന കാര്യം സംശയമാണ്. തെലങ്കാന കോണ്‍ഗ്രസിന്റെ ദളിത് മുഖം മല്ലു ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റേക്കും. ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ടിട്ടുണ്ട്.
പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി, കൊമ്മട്ടി റെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി, കൊമ്മട്ടി റെഡ്ഡി വെങ്കട്ട രമണ റെഡ്ഡി, ദന്‍സരി അനസൂയ എന്നിവരും ഇന്ന് മന്ത്രിമാരായി ചുമതലയേറ്റേക്കും. 119 സീറ്റില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തില്‍ എത്തിയത്. 54 കാരന് രേവന്ത് റെഡ്ഡി തെലങ്കാനയിലെ പാര്‍ട്ടിയുടെ പുതുതലമുറനേതാക്കളില് പ്രമുഖനാണ്. ബി.ജെ.പിയുടെ എ.ബി.വി.പിയിലൂടെയായിരുന്നു തുടക്കം. പിന്നീട് തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2017 ലാണു കോണ്‍ഗ്രസിലെത്തിയത്. രണ്ടു തവണ എം.എല്‍.എയായി.
കോണ്‍ഗ്രസ് തങ്ങള്‍ക്ക് കിട്ടിയ ഏക സംസ്ഥാനത്തിലെ മന്ത്രിസഭാ രൂപീകരണവുമായി മുമ്പോട്ട് പോകുമ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വെന്നിക്കൊടി പാറിച്ച ബിജെപി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കനൊരുങ്ങുകയാണ്.
ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ നില്‍ക്കെ വസുന്ധര രാജെ സിന്ധ്യ ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എംഎല്‍എമാരുടെ പിന്തുണയില്‍ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെ വസുന്ധരയെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നെന്നാണ് സൂചന. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ ബിജെപി ഉടന്‍ പ്രഖ്യാപിക്കും.






