
വിദ്യാര്‍ഥിയായിരിക്കെ അവകാശങ്ങളോട് തൊഴിലാളികള്‍ പുലര്‍ത്തിയിരുന്ന ആവേശം കണ്ട് അവരില്‍ ഒരാളാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി കാനം പറഞ്ഞിട്ടുണ്ട്. പത്താം ക്ലാസ്സിലെത്തിയപ്പോള്‍ കോട്ടയം ഭാസിയെ പോലുള്ള തൊഴിലാളി നേതാക്കളുമായി നല്ല ബന്ധമായി.
അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ ജീവ പ്രവര്‍ത്തകനായി മാറി. പില്ക്കാലത്ത് നിയമസഭയില്‍ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബില്‍ സ്വകാര്യബില്ലായി അവതരിപ്പിച്ച് കാനം തൊഴിലാളിസ്നേഹത്തിന് അടിവരയിടുകയും ചെയ്തു. കാനം സ്റ്റുഡന്റ്സ് യൂണിയന് പ്രവര്‍ത്തകനായിരിക്കെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നത്. 1968ല്‍ പാര്‍ട്ടി അംഗമായ കാനം 1970ല്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായി. നന്നേ ചെറുപ്പത്തില്‍ തന്നെ എക്സിക്യൂട്ടീവിലും സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു.
സി. അച്യുതമേനോന്, ടി.വി. തോമസ്, എന്‍.ഇ. ബലറാം, എം.എന്‍. ഗോവിന്ദന് നായര്‍, പി.കെ. വാസുദേവന്‍ നായര്‍ എന്നിങ്ങനെയുള്ള മുതിര്‍ന്ന നേതാക്കന്മാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനായത് കാനത്തിന് കരുത്താവുകയായിരുന്നു. ബലറാം സെക്രട്ടറിയായിരുന്ന കമ്മിറ്റിയില്‍ അവശേഷിച്ചിരുന്ന ഏകയാളായിരുന്നു കാനം രാജേന്ദ്രന്.
1970ല്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയന് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി. പി. ബാലചന്ദ്ര മേനോന്, കെ.എ. രാജന്, പി.ഭാസ്കരന്, കല്ലാട്ട് കൃഷ്ണന്, ടി.സി.എസ്. മേനോന്, കെ.സി. മാത്യു തുടങ്ങിയ മുന്‍നിര ട്രേഡ് യൂണിയന് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം പിന്നീട് എ.ഐ.ടി.യു.സിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ ഉപകരിച്ചു.
ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തന്‍തലമുറ ബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, മുതല്‍ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെ.ഇ.ഡബ്ല്യു.എഫ്. പ്രസിഡന്റ്, എ.ഐ.ടി.യു.സി. ദേശീയ െവെസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ട്രേഡ് യൂണിയന് രംഗത്ത് ശ്രദ്ധേയ ഇടപെടല്‍ നിര്‍വഹിച്ചു. നിയമ നിര്‍മാണ വേളകളില്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രന് ഈ നിലയില്‍ ഏറെ ശ്രദ്ധേയനായി.
പാര്‍ട്ടിയിലെ പിളര്‍പ്പ് ആശയപരമായിരുന്നില്ല, മറിച്ച് നേതാക്കന്മാര്ക്കിടയിലെ വ്യക്തിപരമായ വിദ്വേഷം മൂലമായിരുന്നുവെന്നായിരുന്നു അദ്ദേഹം എക്കാലവും കരുതിയിരുന്നത്. സി. അച്യുതമേനോനെ ഇ.എം.എസ്. നമ്പൂതിരിപ്പാട് നിരന്തരം ലേഖനങ്ങളിലൂടെയും മറ്റും വിമര്ശിച്ചിരുന്നതിനെതിരേ കാനം തുറന്നു പറഞ്ഞു. അച്യുത മേനോന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്നിട്ടു പോലും ഇ.എം.എസ്. എത്താ തിരുന്നതിനെക്കുറിച്ച് ഒരിക്കല്‍ കാനം രാജേന്ദ്രന് പറഞ്ഞത് ഇങ്ങനെയാണ്: ആളുകള്‍ എത്ര വലിയവരായാലും ചില അപൂര്‍വ അവസരങ്ങളില്‍ അവര്‍ ചെറുതാ കാറുണ്ടെന്നത് ലോക ചരിത്രമാണ്.
അതാണ് ഇ.എം.എസിനും സംഭവിച്ചത്. എല്ലാ കാര്യങ്ങളെയും രാഷ്ട്രീയത്തിന്റെ മാത്രം കണ്ണിലൂടെ കാണുന്നതിനെയും രാജേന്ദ്രന് എതിര്‍ത്തിരുന്നു. ഒരാള്‍ പാര്‍ട്ടി വിട്ടുപോയാല്‍ അതുവരെയുള്ള അയാളുടെ സംഭാവനകളെ മറന്നുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ലെന്ന നിലപാടായായിരുന്നു അദ്ദേഹത്തിന്. സി.പി.ഐ. കെട്ടിപ്പടുത്ത എസ്.എ. ഡാങ്കെയെ അവസാനകാലത്ത് പാര്‍ട്ടി തള്ളിപ്പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമായിരുന്നു കാനത്തിനുണ്ടായിരുന്നത്. വിശാല ഇടതുപക്ഷ ഐക്യം വേണമെന്ന് അദ്ദേഹം എക്കാലവും തീവ്രമായി വാദിച്ചിരുന്നു.
കാനം രാജേന്ദ്രന് രണ്ടു തവണ ജയിച്ചു കയറിയ കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലമായ വാഴൂര്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായി. കാനം ഇനി എവിടെ മത്സരിക്കുമെന്നു തെരഞ്ഞെടുപ്പുകാലത്തു പലരും കളി പറഞ്ഞു. കാനം കുലുങ്ങിയില്ല. അത്തരം പാര്‍ലമെന്ററി മോഹക്കുരുക്കിലൊന്നും പെട്ടുപോകുന്നൊരാളല്ലായിരുന്നു കാനം രാജേന്ദ്രന്. കേരളത്തിലെ ഇടതു രാഷ്ട്രീയത്തില്‍ എന്നും അനിഷേധ്യമായ ഇടമുണ്ടായിരുന്ന കാനത്തിന് ഒരിക്കലും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പൊതുതിരഞ്ഞെടുപ്പുകളാവട്ടെ, രാജ്യസഭാ സീറ്റാവട്ടെ, സ്വന്തം പാര്‍ട്ടി സ്ഥാനങ്ങളാവട്ടെ എതൊഴിവു വരുമ്പോഴും സി.പി.ഐ. ആദ്യം പരിഗണിക്കുന്ന പേരുകളിലൊന്നു വാഴൂര്‍, കാനം കൊച്ചുകളപ്പുരയിടത്തെ രാജേന്ദ്രന്റേതായിരുന്നു. സംഘടനാ പ്രവര്‍ത്തന മികവുമായി പാര്‍ട്ടിയുടെ തലപ്പത്തേക്കു നടന്നുകയറിയയാളാണ് കാനം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മൂന്നാമതും എത്തിയത് ഏറെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു.
കാനം രാജേന്ദ്രന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ ജനറല്‍ സെക്രട്ടറി ഡി. രാജ ആഗ്രഹിച്ചിരുന്നില്ലെന്ന പ്രതീതി പാര്‍ട്ടിയില്‍ ശക്തമായിരുന്നു. അതേ രാജയെക്കൊണ്ടു തന്നെ തന്റെ െകെ പിടിച്ച് ഉയര്‍ത്തിച്ച് സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്താണ് മൂന്നാംവട്ടവും അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. സംഘടനയുടെ അമരത്തു മൂന്നാമതും എത്തുന്നത് തനിക്ക് അനര്‍ഹമായതല്ല എന്ന് ഉറപ്പിച്ചുകൊണ്ടു തന്നെയായിരുന്നു.
സി.കെ. ചന്ദ്രപ്പന്റെ നിര്യാണത്തെത്തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ 13 ജില്ലകളും പിന്തുണച്ചത് കാനത്തെയാണ്. പക്ഷേ, കേന്ദ്ര നേതൃത്വം സി. ദിവാകരനെ നിര്‍ദേശിച്ചതോടെ തര്‍ക്കത്തിനൊടുവില്‍ പന്ന്യന്‍ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യന്‍ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിന്‍ഗാമിയായി നിര്‍ദേശിച്ചതെന്നാണ് കാനത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നത്.






