
കോട്ടയം ജില്ലയിലെ ചെറിയ ഗ്രാമമായിരുന്ന കാനത്തെ പ്രസിദ്ധമാക്കിയ നേതാവ്, വിദ്യാര്‍ഥി ജീവിത കാലത്തു നാടകത്തിലെ നായക നടനായിരുന്നുവെങ്കിലും രാഷ്ട്രീയത്തിലെ നാട്യങ്ങളില്ലാത്ത നായകന്. കാനം രാജേന്ദ്രന് യാത്രയാകുമ്പോള്‍ നാടിനോര്ക്കാന് ഒട്ടേറെ. ജനിച്ചതു കൂട്ടിക്കലിലാണെങ്കിലും വളര്‍ന്നതും ജീവിച്ചതുമായ നാടായ കാനത്തെ, രാജേന്ദ്രന് ഒപ്പം കൂട്ടുകയായിരുന്നു.
എസ്റ്റേറ്റ് മാനേജരായിരുന്ന പിതാവിനൊപ്പം തോട്ടം തൊഴിലാളികളുടെ ജീവിതം കണ്ടറിഞ്ഞായിരുന്നു കാനത്തിന്റെ വളര്‍ച്ച, പില്ക്കാലത്തു തൊഴിലാളി നേതാവായി സി.പി.ഐയുടെ അമരത്തേക്ക് എത്തിയതും ഈ ജീവിതക്കാഴ്ചകളുടെ പിന്‍ബലത്തിലായിരുന്നു. സ്കൂള്‍ ജീവിതകാലത്ത് നാടകത്തില്‍ നായകനായെങ്കിലും അഭിനയത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.
എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു കാനത്തിന്റെയും രാഷ്ട്രീയ പ്രവേശം. എ.ഐ.െവെ.എഫ്. സംസ്ഥാന പ്രസിഡന്റായി തിളങ്ങിയതിനു പിന്നാലെ 1978ല്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, 1982ല്‍ സ്വന്തം മണ്ഡലമായ വാഴൂരില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചതോടെയാണു കാനത്തിന്റെ പേര് നാട് കൂടുതലായി അറിഞ്ഞു തുടങ്ങിയത്. 1987ല്‍ എം.കെ. ജോസഫിനെയും 1987-ല്‍ കന്നി മത്സരത്തിനെത്തിയ പി.സി. തോമസിനെയും പരാജയപ്പെടുത്തിയായിരുന്നു കാനത്തിന്റെ നിയമസഭാ വിജയം.
രാജീവ് ഗാന്ധി വധത്തിനു ശേഷമുള്ള 1991-ലെ തെരഞ്ഞെടുപ്പില്‍ കാനത്തിന് അടിപതറി. പിന്നീട് 1996ലും 2006ലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1996-ല്‍ കെ. നാരായണക്കുറുപ്പിനോടും 2006-ല്‍ മകന് ജയരാജിനോടും മത്സരിച്ചു പരാജയപ്പെട്ടു. തുടര്‍ച്ചയായ പരാജയങ്ങളോടെ കാനത്തിന്റെ രാഷ്ട്രീയഭാവി അടഞ്ഞു എന്നു നിരീക്ഷകരും നേതാക്കളും വിലയിരുത്തിയ സ്ഥാനത്തുനിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു പിന്നീട് കണ്ടത്. 2006-ല്‍ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറിയായതോടെ, കാനം തട്ടകം തിരുവനന്തപുരത്തേക്കു പറിച്ചുനട്ടു.
െവെകാതെ 2012-ല്‍ സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗമായി. 2015-ല്‍ ശക്തമായ എതിര്‍പ്പിനിടെ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം എതിര്‍പ്പുകളെ നിഷ്പ്രഭമാക്കിയാണു രണ്ടാം തവണ സെക്രട്ടറി സ്ഥാനത്തെത്തിയത്. പാര്‍ട്ടി തിരക്കുകള്‍ക്കിടയിലും കൃത്യമായ ഇടവേളകളില്‍ കാനത്തെത്തി നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചിരുന്ന നേതാവാണു വിടവാങ്ങിയത്.






