
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചതിനെ തുടര്‍ന്ന് നവകേരളാ സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചു. അദ്ദേഹത്തിന്റെ സംസ്കാരത്തിന് ശേഷം പെരുമ്പാവൂരില്‍ നിന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്കായിരിക്കും പര്യടനം തുടരുക. അതിന് ശേഷം 3.30 ന് കോതമംഗലം, 4.30 ന് മൂവാറ്റുപുഴ, 6.30 ന് തൊടുപുഴ എന്നിങ്ങനെയാണ് പരിപാടികള്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപച്ചാരം അര്‍പ്പിച്ചിരുന്നു.കൊച്ചിയില്‍ നിന്ന് ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗമാണ് കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുക. ആദ്യം ജഗതിയിലെ വീട്ടിലാണ് മൃതദേഹം എത്തിക്കുക.
തുടര്‍ന്ന് രണ്ട് മണി വരെ പി എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെ വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ വാഴൂരിലെ വീട്ടിലാണ് സംസ്കാരം നടക്കുന്നത്. ഇന്നലെയായിരുന്നു മുതിര്‍ന്ന സി പി ഐ നേതാവും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.






