
കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നു. ഇന്നലെ രാത്രി എട്ടരയോടെ മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിന് അടുത്തുവച്ചാണ് കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച വാഹനം ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
കാറില്‍ കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര് സ്വദേശി നാസര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ ചാമരാജ് നഗറി നിന്നും കോഴിക്കോടേക്ക് പോകും വഴിയാണ് ഒരു സംഘം തടഞ്ഞു നിർത്തിയത്.
തുടര്‍ന്ന് ഇരുവരേയും ബലം പ്രയോഗിച്ച് അക്രമി സംഘത്തിന്റെ കാറിലേക്ക് മാറ്റുകയും യാത്രാമധ്യേ, അക്രമികൾ ഇരുവരേയും മേപ്പാടിക്ക് സമീപം ഇറക്കിവിടുകയുമായിരുന്നു. പിന്നീട് കാർ മേപ്പാടിക്ക് സമീപം മറ്റൊരിടത്തുവച്ചു കണ്ടെത്തി. കാറിൽ സൂക്ഷിച്ച 20 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്.
ഇത് ചാമരാജ് നഗറിലെ ജ്വല്ലറി ബിസിനസ് പങ്കാളിയാണ് കൈമാറിയതെന്ന് പരാതിക്കാര്‍ മൊഴി നല്കി. പത്ത് പേർ പണം കവര്‍ന്ന സംഘത്തിലുണ്ടായിരുന്നു എന്നാണ് സൂചന. പോലീസ്അന്വേക്ഷണം ആരംഭിച്ചു.






