സിറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമത്തിന്റെ തുടക്കത്തിലുള്ള ഗാനത്തിന്റെ വരികളാണിവ. പെസഹാനാളില്‍ ക്രിസ്തു നല്കിയ കല്പന പോലെ അവന്റെ നാമത്തില്‍ ചേര്‍ന്ന് അനുരഞ്ജനപ്പെട്ട് ഒരുമയോടെ ബലി അര്പ്പിക്കാമെന്നാണ് ഏറ്റുചൊല്ലുന്നത്. എന്നാല്‍ ഇന്ന് സിറോ മലബാര്‍ സഭയില്‍ ഈ അനുരഞ്ജനവും ഒരുമയുമുണ്ടോ? എന്തിന്റെ പേരിലാണോ അനുരഞ്ജനവും ഒരുമയും ആവശ്യപ്പെടുന്നത് അതിന്റെ പേരില്‍ തന്നെ ഭിന്നതയും കലഹവുമായി. സഭ ഔദ്യോഗിക പക്ഷവും വിമത പക്ഷവുമെന്ന് രണ്ടായി തിരിഞ്ഞു.
സഭയില്‍ കുര്‍ബാന ഏകീകരണത്തിന് മെത്രാന് സിനഡ് നിര്‍ദേശിച്ച കുര്‍ബാനക്രമം സൃഷ്ടിച്ച വിഭാഗീയത ചെറുതല്ല. പല രൂപതകളിലും വൈദികര്‍ മനസ്സില്ലാ മനസ്സോടെ എങ്കിലും ഏകീകൃത കുര്‍ബാന ചെല്ലാന്‍ തയ്യാറെടുത്തുവെങ്കിലും എറണാകുളം അങ്കമാലി മേജര്‍ അതിരൂപത ചെറുത്തുനില്‍പ്പിന്റെ പാതയിലാണ്. 70 വര്‍ഷമായി പിന്തുടരുന്ന പൂര്‍ണ്ണ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അതിരൂപതയ്ക്ക് ഇളവ് വേണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ മറ്റെല്ലാ രൂപതകള്‍ക്കും അനുസരിക്കാമെങ്കില്‍ എറണാകുളം- അങ്കമാലിക്കാര്‍ക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നാണ് മറുഭാഗത്തിന്റെ ചോദ്യം. ഇതേ ചൊല്ലിയുള്ള തര്‍ക്കം സഭയുടെ ചരിത്രത്തില്‍ ഒരുകാലത്തും കാണാത്ത വിധമുള്ള തെരുവുയുദ്ധങ്ങളിലേക്കും ഒടുവില്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പടിയിറക്കത്തിലേക്കും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒഴിവാക്കുന്നതിലേക്കും വന്നെത്തി.
കുര്‍ബാന തര്‍ക്കം മാത്രമാണോ സഭയില്‍ ഇത്രയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. മാര്‍ വര്‍ക്കി വിതയത്തില്‍ സഭാ തലവനായിരിക്കേ സഭയുടെ നന്മയെ കരുതി പൂട്ടിക്കെട്ടിയ ചില ഫയലുകള്‍ ചില നിക്ഷിപ്ത താല്പര്യക്കാര് വീണ്ടും തുറന്നതോടെ ഭിന്നതയുടെ ദുര്‍ഭൂതം പുറത്തുചാടിയെന്ന് പറയാം. അതിരൂപതയിലും സഭയിലും പിന്നീട് ഏറ്റുമുട്ടലിന്റെ നാളുകളായിരുന്നു. ഭൂമി വില്പനയും സാമ്പത്തിക ക്രമക്കേടുകളും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കോടതി കയറ്റി. കേന്ദ്ര ഏജന്‍സികള്‍ വരെ സഭാ നാഥനെ ചോദ്യം ചെയ്തു.
അതിനിടെയില്‍ വന്ന വ്യാജരേഖാ കേസ് മറ്റൊരു വിവാദം തുറന്നുവിട്ടു. കര്‍ദ്ദിനാളിലെ കുടുക്കാന്‍ എറണാകുളത്തെ ഒരു വിഭാഗം വൈദികര്‍ വ്യാജ രേഖ ചമച്ചുവെന്ന കേസും സഭയില്‍ വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഇതിന്റെയെല്ലാം പുക കെട്ടടങ്ങിക്കൊണ്ടിരിക്കേയാണ് കുര്‍ബാന ഏകീകരണം കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നത്. കുര്‍ബാന മധ്യേ കുറച്ചുസമയം അള്‍ത്താരയിലേക്ക് തിരിഞ്ഞുനില്ക്കണമെന്നാണ് സഭയുടെ നിര്‍ദേശം. എന്നാല്‍ ഈ തിരിഞ്ഞുനില്പ്പിന്റെ ദൈവശാസ്ത്രം എന്താണെന്നാണ് മറുഭാഗത്തിന്റെ ചോദ്യം. രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍ ഒരുമിച്ച് കൂടിയാല്‍ അവരുടെ മധ്യേ ഞാനുണ്ടാകുമെന്ന് ക്രിസ്തു പറഞ്ഞതായാണ് ബൈബിള്‍ രേഖപ്പെടുത്തുന്നത്. കുര്‍ബാന മധ്യേ വാഴ്ത്തുന്ന അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നുവെന്നാണ് വിശ്വാസം. എന്നിട്ടും ദൈവമിരിക്കുന്നത് കിഴക്കേ ഭിത്തിയില്‍ ആണെന്ന് വാദിക്കുന്നവര്‍ അതിന്റെ ദൈവശാസ്ത്രം സാധാരണ വിശ്വാസികളെയും വിയോജിപ്പുള്ള വൈദികരെയും പറഞ്ഞുമനസ്സിലാക്കട്ടെ.
70 വര്‍ഷമായി പിന്തുടരുന്ന ആരാധനാക്രമം തുടരാന്‍ അനുവദിക്കണമെന്നാണ് എറണാകുളം പക്ഷത്തിന്റെ ആവശ്യം. തങ്ങളുടെ സംസ്കാരവും തനിമയും പാരമ്പര്യവും ജനാഭിമുഖമാണെന്ന് അവര്‍ പറയുന്നു. സഭ അംഗീകരിച്ച പ്രാര്‍ത്ഥനകള്‍ തന്നെയാണ് അവരും കുര്‍ബാനയില്‍ ചൊല്ലുന്നത്. തിരിഞ്ഞുനില്പ്പിനെ മാത്രമാണ് എതിര്‍ക്കുന്നത്. ഇന്ന് തിരിഞ്ഞുനിന്നാല്‍ പിന്നാലെ തങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത കുരിശും കര്‍ട്ടണും അടക്കം അള്‍ത്താരയിലേക്ക് അതിക്രമിച്ചുകയറുമെന്ന് അവര്‍ ഭയപ്പെടുന്നു. 30 വര്‍ഷം പിന്നിട്ട ഒരു ആരാധനക്രമം പൊളിച്ചടുക്കുന്നതില്‍ കാനോന്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ ആ രംഗത്തെ പണ്ഡിതര്‍ പരിശോധിക്കട്ടെ.
സഭയും മെത്രാന് സിനഡും ഒരു പുനര്‍ചിന്തനത്തിനും തയ്യാറാകണം. മേജര്‍ ആര്‍ച്ച് ബിഷപ് തിരഞ്ഞെടുപ്പ് മുതല്‍ ആത്മപരിശോധന ആവശ്യമാണ്. കഴിഞ്ഞ 12 വര്‍ഷം സഭ കടന്നുപോയത് ചെറിയ പ്രതിസന്ധികളിലുടെയല്ല. പല രാജ്യങ്ങളിലേക്കും സിറോ മലബാര്‍ സഭ വളര്‍ന്നുവെങ്കിലും അടിത്തറയിലുണ്ടായ വിള്ളല്‍ കണ്ടില്ലെന്ന് നടിച്ചാല്‍ നാളെ സഭയുടെ തകര്‍ച്ചയായിരിക്കും ഫലം. തങ്ങളെ നയിക്കാന്‍ പ്രാപ്തിയുള്ളവരാണ് തിരഞ്ഞെടുക്കപ്പെടുന്ന ഇടയന്മാര് എന്ന് വിശ്വാസികള്‍ക്കും ബോധ്യപ്പെടണം. അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വൈരാഗ്യത്തിന്റെയും പാതയല്ല അനുരഞ്ജനത്തിന്റെ വഴിയാണ് ഇവിടെ തുറക്കേണ്ടത്. 'ഞങ്ങള്‍ മെത്രാന്മാര് പറയും നിങ്ങള്‍ വൈദികര്‍ അനുസരിച്ചാല്‍ മതിയെന്ന' നിലപാട് സഭയെ അധികനാള്‍ മുന്നോട്ടുകൊണ്ടുപോകില്ല. എല്ലാവരേയും കേള്‍ക്കാനും ഒപ്പം സഞ്ചരിക്കാനും ആഹ്വാനം ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ക്കും വില കൊടുക്കണം.
കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്കും ആര്‍ച്ച് ബിഷപ്പ് താഴത്തിനും സ്ഥാനം തെറിക്കാന്‍ ഇടയാക്കിയതും ഇത്തരം പിടിവാശികളാണ്. ഭൂമി വില്പനയില് അനുരഞ്ജനത്തിന്റെ അപേക്ഷയുമായി എത്തിയ നിസ്സാരനായ ഒരു അത്മായനോട് 'എന്റെ ഭൂമി, ഞാന്‍ എനിക്ക് ഇഷ്ടമുള്ളപോലെ ചെയ്യും, നീ പോയി കേസ് കൊട്' എന്നു പറഞ്ഞ ധാര്‍ഷ്ട്യം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് മുതല്‍ സുപ്രീം കോടതി വരെ കര്‍ദിനാള്‍ ആലഞ്ചേരിയെ എത്തിച്ചു. കോടതികളില്‍ നിന്ന് ലഭിച്ച വിമര്‍ശനവും കുറ്റകൃത്യത്തിന്റെ ആഴവും പരിശോധിച്ച വത്തിക്കാന്‍ 2019ലെ സിനഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജി എഴുതി വാങ്ങിയെന്നതും അദ്ദേഹം രാജിസന്നദ്ധത അറിയിച്ച് സഹമെത്രാന്മാര്ക്ക് കത്ത് നല്കിയതും ചരിത്രം. ഗോലിയാത്തിനെ വീഴ്ത്താന്‍ നിസ്സാരനായ ദാവീദിനെയാണ് ദൈവം തിരഞ്ഞെടുത്തതെന്ന കഥ അഭിഷിക്തര്‍ മറന്നുപോയിരുന്നു.
ഓശാന നാളില്‍ സായുധ പോലീസുമായി എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കുള്ള കര്‍ദിനാളിന്റെ വരവും അദ്ദേഹത്തിന്റെ മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തിനുള്ള അവസാന ആണിയടി ആയിരുന്നു. പത്ത് വോട്ടിനു വേണ്ടി ഭരണകൂടം പോലീസിനെ എങ്ങനെ വേണമെങ്കിലും വിനിയോഗിക്കും. എന്നാല്‍ ആ സംഭവം വിശ്വാസികളുടെ ഹൃദയത്തിലേറ്റ മുറവിന്റെ ആഴം അത്രമേല്‍ വലുതായിരുന്നു. അത് എറണാകുളം അങ്കമാലി അതിരൂപതയെ മാത്രമല്ല ക്രിസ്തുവിശ്വാസിയായ ഏതൊരാളെയും മുറിപ്പെടുത്തുന്നതായിരുന്നു. ഓശാന നാളില്‍ വിനീതനായി കഴുതപ്പുറത്ത് സഞ്ചരിച്ച ക്രിസ്തുവിന്റെ അനുയായികളാണ് സായുധ പോലീസിനെയും കൂട്ടി വാശിപ്പുറത്ത് ബലിയര്‍പ്പിച്ച സംതൃപ്തിയില്‍ മടങ്ങിയത്.
ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ മാര്‍ താഴത്ത് കാണിച്ച തന്ത്രങ്ങളും അദ്ദേഹത്തിന് പിഴച്ചു. പരിഹാരമുണ്ടാക്കാന്‍ വത്തിക്കാന്‍ നിയോഗിച്ചയാള്‍ പ്രശ്നക്കാരനാകുന്നുവെന്ന പ്രതീതി. പോലീസുമായി എത്തിയെങ്കിലും വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തിന് ബസിലിക്കയില്‍ കയറാനാവാതെ മടങ്ങേണ്ടിവന്നു. തൃക്കാക്കരയില്‍ അതിനകം വിശ്വാസികള്‍ നല്കിയ മറുപടിയില്‍ ഭരണകൂടം തൃപ്തരായിരുന്നു. എല്ലാവരേയും ഞാന്‍ പാഠം പഠിപ്പിക്കുമെന്ന വാശിയില്‍ ചെയ്തുകൂട്ടിയതെല്ലാം തിരിച്ചടികളായി. കുര്‍ബാനയുടെ പേരില്‍ ബസിലിക്കയില്‍ ഇനിയൊരു ശക്തിപ്രകടനം വത്തിക്കാന്‍ അനുവദിക്കില്ല എന്നതിന്റെ സന്ദേശം കൂടിയായിരിക്കും ഈ ക്രിസ്മസിനു മുന്‍പേ ഇരുവരുടെയും സ്ഥാനം തെറിപ്പിച്ചതിനു പിന്നില്‍. അല്ലെങ്കില്‍ മാന്യമായ പടിയിറക്കത്തിന് ജനുവരിയിലെ സിനഡ് വരെ സാവകാശം നല്കിയേനെ.
മറുപക്ഷവും മോശമല്ല, ഏകീകൃത കുര്‍ബാന തടയാന്‍ ഏതറ്റും വരെയും അവരും പോകും. വിശ്വാസികളെ തെരുവിലിറക്കി നേതൃത്വത്തെ വെല്ലുവിളിച്ചു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് റിലേ കുര്‍ബാന നാടകം അരങ്ങേറി. കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങി. ക്രിസ്തുവിന്റെ കബറിടമെന്ന് പഠിപ്പിക്കുന്ന ബലിപീഠം തള്ളിമറിച്ചിട്ടു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കേരള സന്ദര്‍ശന വേളയില്‍ കളമശേരി ഗ്രൗണ്ടില്‍ ബലിയര്‍പ്പിച്ച ബലിപീഠത്തിലാണ് ഗുണ്ടകള്‍ കയറി നിരങ്ങിയത് എന്ന് ചിന്തിക്കണം. അദ്ദേഹം താമസിച്ച എറണാകുളത്തെ അരമന പ്രതിഷേധ കേന്ദ്രമായി. പ്രാര്‍ത്ഥനയും സ്തോത്രഗീതങ്ങളും ഉയര്‍ന്നിരുന്ന ദേവാലയത്തില്‍ മറ്റു പലതും മുഴങ്ങിക്കേട്ടു. ഇരുപക്ഷവും ഉറച്ചുനിന്നതോടെ ഒരു വര്‍ഷമായി ബസിലിക്ക അടഞ്ഞുകിടക്കുന്നു.
വത്തിക്കാന്റെ പ്രതിനിധിയെന്ന് പറഞ്ഞ് എത്തിയ ആര്‍ച്ച്ബിഷപ് സിറില്‍ വാസിലും കാര്യങ്ങള്‍ അത്ര വെടിപ്പായല്ല പാലിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു. വിശ്വാസികളുടെ എതിര്‍പ്പിനിടെ പോലീസ് സന്നാഹത്തോടെ ബസിലിക്കയില്‍ കയറിയതും പ്രകോപനം നൃഷ്ടിച്ച നടപടിയായിരുന്നു. കയ്യില്‍ കുര്‍ബാനയും വഹിച്ചായിരുന്നു പ്രതിഷേധക്കാര്‍ക്കിടയിലേക്ക് അദ്ദേഹം വന്നതും. നയതന്ത്ര പരിരക്ഷയുണ്ടെങ്കിലും ഒരു വിദേശ പൗരന് ഈ നാട്ടില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കിയപ്പോള്‍ പോലീസ് സായിപ്പിനെ കണ്ട് കവാത്തുമറന്നു നിന്നു. ഇത് വത്തിക്കാന്‍ പ്രതിനിധിയെയും കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഇത്തരം പ്രശ്നങ്ങളിലേക്ക് വത്തിക്കാന്‍ പ്രതിനിധിയെ തള്ളിവിടുന്ന ചില ശക്തികള്‍ പിന്നിലുണ്ടാവാം. പക്ഷേ, മറ്റൊരു രാജ്യത്തിന്റെ പ്രതിനിധി കൂടിയാണ് അദ്ദേഹമെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിനും താല്പര്യമില്ലായിരുന്നുവെന്ന് വേണം കരുതാന്‍. വത്തിക്കാന്റെ പ്രതിനിധി രണ്ടാം തവണയും വന്നിരിക്കുകയാണ്. ഇത്തവണ പ്രശ്ന പരിഹാരമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ.
കാര്യങ്ങള്‍ ഇത്രയൊക്കെയായി. ഇനിയെങ്കിലും സമവായവും സമാധാനവുമാണ് സഭയില്‍ വേണ്ടത്. ഇപ്പോള്‍ തന്നെ ഏകീകരണത്തിന്റെ പേരില്‍ രൂപതകളും ഇടവകകളും മാത്രമല്ല അകന്നത് കുടുംബ ബന്ധങ്ങളില്‍ വരെ വിള്ളല്‍ വീണു. ആ മുറിവുണക്കേണ്ട ദൗത്യം മെത്രാന് സംഘത്തിന്റേതാണ്. അതിന് എല്ലാവരേയും കേള്‍ക്കാന്‍ മനസ്സാകണം. തുറന്ന ചര്‍ച്ചകള്‍ക്ക് അവസരം നല്‍കണം. ഒത്തുതീര്‍പ്പിന് എറണാകുളം പക്ഷവും വിട്ടുവീഴ്ച ചെയ്യണം. മുന്‍കാല സഭാ തലവന്മാര് ചെയ്തപോലെ തല്ലും തലോടലുമായി വൈദികരെയും വിശ്വാസികളെയും ചേര്‍ത്തുനിര്‍ത്താന്‍ നേതൃത്വത്തിന് കഴിയണം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ എന്ന് ചോദിക്കുന്നവര്‍ ദേവാലയങ്ങളെ വീണ്ടും പൂരപ്പറമ്പാക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
വന്നുപോയ വീഴ്ചകള്‍ക്ക് പ്രായശ്ചിത്തമാണ് ആദ്യം വേണ്ടത്. ഭൂമി വില്പനയില് വത്തിക്കാന്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം സിനഡ് നടപ്പാക്കട്ടെ. അതിന് അതിരൂപത ഈടായി വാങ്ങിയ ഭൂമി തന്നെ വില്‍ക്കണമെന്ന വാശി ഉപേക്ഷിക്കണം. റിയല്‍ എസ്റ്റേറ്റ്, പാറമട ബിസിനസ് അല്ല അഭിഷിക്തരുടേത് എന്ന് സ്വയം തിരിച്ചറിവുണ്ടാകണം. ക്ഷമിക്കാന്‍ കഴിയുന്ന മേഖലയില്‍ എറണാകുളവും പൊറുക്കട്ടെ.





