
മലപ്പുറം : നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കർഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികൾ കരടി നശിപ്പിച്ചിരുന്നു.
വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് പലയിടത്തുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ധോണിയില്‍ കടുവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായിട്ടാണ് നാട്ടുകാര്‍ സൂചിപ്പിച്ചത്.
നേരത്തേ വാകേരിയില്‍ യുവാവിനെ കൊന്ന നരഭോജി കടുവയെ ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരയാന്‍ കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങയില്‍ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. മറ്റൊരു കുങ്കിയാനയെ കൂടി എത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രജീഷ് എന്ന യുവാവിനെ നരഭോജി കടുവ കൊന്നത്. കടുവയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 13 വയസ്സുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ആനകളെ ഉപയോഗിച്ച് കടുവയെ ഒളിസ്ഥലത്ത് നിന്ന് പുറത്തെത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരുന്നുണ്ട്. ക്യാമറ ട്രാപ്പില്‍ കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് നിയോഗിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം കടുവ കൂടിന് തൊട്ടടുത്ത് വരെയെത്തിയിരുന്നു.
കടുവയെ വെടിവെച്ച് കൊല്ലുകയെന്ന ദൗത്യമാണ് ഇപ്പോള്‍ ദൗത്യസംഘത്തിനുള്ളത്. സുല്‍ത്താന്‍ ബത്തേരിയിലെ മൂടക്കൊല്ലി പ്രദേശം ആകെ നിശബ്ദതയിലാണ്. ഉറക്കെ ശബ്ദമുണ്ടാക്കിയാല് പോലും കടുവയെ വെടിവെച്ച് കൊല്ലുകയെന്ന ദൗത്യത്തിന് തടസ്സമാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ജോലിയെടുക്കാനും കുട്ടികളെ സ്കൂളില്‍ അയക്കാനുമാവാത്ത സ്ഥിതിയാണ് ഉള്ളത്.
വനംവകുപ്പ് വന്‍ സന്നാഹങ്ങളുമായി കടുവയെ തേടി തിരച്ചില്‍ നടത്തുമ്പോഴും വീണ്ടും കടുവ സമീപത്തെ വീട്ടിലെത്തി കോഴികളെ പിടിച്ചിരിക്കുകയാണ്. ഇതാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. വീണ്ടും സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.






