ന്യൂഡല്‍ഹി: കേരളത്തില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയിലാണെന്ന് ഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആലപ്പുഴയില്‍ നവകേരള യാത്രയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേര്‍ക്ക് കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന് മര്‍ദ്ദിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധിക്കുന്ന കുട്ടികളെ അടിച്ച് തലതള്ളിപ്പൊളിക്കുകയാണ്. ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയുടെ ഗണ്മാന് ആണ് ഇത്തരത്തില്‍ പെരുമാറുന്നത്. ശബരിമലയില്‍ കാവല്‍ നില്ക്കാന് പോലീസില്ല. പോലീസുകാര്‍ മുഴുവന്‍ മുഖ്യമന്ത്രിയുടെ പുറകേയാണ്. മുഖ്യമന്ത്രിയുടെ ഗണ്മാന് പ്രതിഷേധക്കാരെ മര്‍ദ്ദിക്കുമ്പോള്‍ പോലീസ് അതിനും കാവല്‍ നില്ക്കുന്നു. പ്രതിഷേധിക്കുന്നവരെ കാര്‍ നിര്‍ത്തിവന്ന് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിക്കുകയാണ്. ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് പോലീസെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
എല്ലാക്കാലത്തും പിണറായി വിജയന് ആ കസേരയില്‍ ഇരിക്കുമെന്ന് പോലീസ് കരുതരുത്. ഇതൊന്നും ആര്‍ക്കും എഴുതിക്കൊടുത്ത നാടല്ല. മുഖ്യമന്ത്രിയാണ് ആക്രമണത്തിന് ആഹ്വാനം നല്‍കിയത്. പ്രതിഷേധിക്കുന്ന കുട്ടികളെ തല്ലിച്ചതയ്ക്കാനാണെങ്കില് അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഇന്നലെയാണ് ആലപ്പുഴയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ മര്‍ദ്ദനം നടന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുവാക്കളെ പോലീസ് പിടിച്ചുമാറ്റിയതിനു പിന്നാലെ സുരക്ഷാ വാഹനത്തില്‍ നിന്നിറങ്ങിയ ഗണ്മാന്മാര് ലാത്തികൊണ്ട് അടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.






