
ഭോപ്പാല്‍: ജഡ്ജിയുടെ കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസറ്റ് ചെയ്യപ്പെട്ടിരിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നിരുപാധികമായ മാപ്പ് നല്‍കണമെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയോട് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അപേക്ഷ. ഹൃദയാഘാതം വന്ന ഒരു രോഗിയുടെ ജീവന് രക്ഷിക്കുന്നതിനായി പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തി ആയിരുന്നെന്നും ഗ്വാളിയാര്‍ പോലീസ് എടുത്തിരിക്കുന്ന കേസ് അവസാനിപ്പിച്ച് വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഇക്കര്യത്തില്‍ അദ്ദേഹം മദ്ധ്യപ്രദേശ് ചീഫ് ജസ്റ്റീസിന് കത്തെഴുതിയിരിക്കുകയാണ്. സംഭവം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയില്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഝാന്‍സിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ രഞ്ജിത് സിംഗ്ജി എന്നയാളുടെ നില പെട്ടെന്ന് വഷളാകുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഏതാനും വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്നു. ഇവര്‍ ഗ്വാളിയാര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ ട്രെയിനില്‍ നിന്നും ഇറക്കുകയും അടിയന്തിരമായി ചികിത്സ കിട്ടേണ്ട സാഹചര്യം മുന്‍ നിര്‍ത്തി താക്കോല്‍ തട്ടിപ്പറിച്ച് ജഡ്ജിയുടെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകയകും ചെയ്തു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തി കൊണ്ട് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല രണ്ടുപേര്‍ക്കുമെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
പരോപകാരം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കുറ്റകൃത്യമെന്നും വിദ്യാര്‍ത്ഥികളായ ഹിമാംശു, സുകൃത് എന്നിവര്‍ ഒരാളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തിയായിരുന്നെന്നും ഏതെങ്കിലും ക്രിമിനല്‍ നടപടിയുടേയോ മോശപ്പെട്ട പ്രവര്‍ത്തിയുടേയോ ഭാഗമായിരുന്നില്ലെന്നും പറയുന്നു. ചെയ്തത് ക്രിമിനല്‍ നടപടിയാണെങ്കിലും അത് മാപ്പ് കിട്ടാവുന്ന പ്രവര്‍ത്തി കൂടിയാണെന്നും കത്തില്‍ പറയുന്നു. ഇരുവര്‍ക്കും കോടതി സ്വമേധയാ ഇടപെട്ട് മാപ്പ് നല്കി കേസ് പിന്‍വലിക്കണമെന്നും രണ്ടുപേരുടെയും ഭാവിയെ കരുതിയുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നതായും കത്തില്‍ പറഞ്ഞിട്ടുണ്ട്.
എബിവിപിയുടെ ജനറല്‍ സെക്രട്ടറിയാണ് ഹിമാംശു ഷ്രോട്രി. പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസംബര്‍ 10 ന് രാത്രിയിലായിരുന്നു ഇവര്‍ക്കൊപ്പം ട്രെയിനില്‍ പോകുമ്പോള്‍ രഞ്ജിത് സിംഗ് യാദവ് എന്ന 69 കാരന് ഹൃദയാഘാതം ഉണ്ടായത്. മോറേനയില്‍ എത്തിയപ്പോള്‍ ആരോഗ്യസ്ഥിതി വഷളായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിര വൈദ്യസഹായം ആവശ്യമായി വരികയായിരുന്നു. ട്രെയിന്‍ ഗ്വാളിയോറില്‍ എത്തിയതോടെ പ്രൊഫസറിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ സഹായം അഭ്യര്‍ത്ഥിച്ചു. ആംബുലന്‍സ് സ്റ്റേഷന് പുറത്ത് കിടപ്പുണ്ടെന്ന് അറിവ് കിട്ടിയതിനെ തുടര്‍ന്ന് കുട്ടികള്‍ തെരഞ്ഞെങ്കിലൂം അങ്ങിനെ ഒരെണ്ണം അവിടെ ഉണ്ടായിരുന്നില്ല.
പകരം ഒരു സംവിധാനത്തിന് വേണ്ടി തെരയുന്നതിനിടയില്‍ ഒരു കാര്‍ കാണുകയും അത് ഉപയോഗിക്കുകയുമായിരുന്നു. കാര്‍ ജഡ്ജിയുടേതാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ ഡ്രൈവറെയും സുരക്ഷാ ഉദ്യോഗസ്ഥനെയും പുറത്താക്കി അവര്‍ക്ക് മറ്റൊരു കാര്‍ സംഘടിപ്പിച്ചു കൊടുത്തിട്ട് പെട്ടെന്ന് ഓടിച്ചു പോകുകയായിരുന്നു. എന്നാല്‍ ജെയ് ആരോഗ്യ ഹോസ്പിറ്റിലില് എത്തിയപ്പോഴേയ്ക്കും പ്രൊഫസര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തില്‍ ജഡ്ജിയുടെ ഡ്രൈവര്‍ പരാതി നല്‍കുകയും ഗ്വാളിയാര്‍ പോലീസ് കാര്‍മോഷണത്തിന് കേസെടുക്കുകയുമായിരുന്നു. സംഭവത്തില്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ആംബുലന്‍സ് ഉണ്ടായിരുന്നതായിട്ടാണ് റെയില്‍വേ അധികൃതര്‍ പോലീസിന് കൊടുത്ത മൊഴി.






