
പത്തനംതിട്ട: സ്വത്ത് പാട്ടത്തിനു നല്‍കാനുള്ള ധാരണാപത്രം മന്ത്രിസഭ അംഗീകരിക്കുന്നതിനു മുന്‍പ് ഒപ്പിട്ടു ഹൗസിങ് ബോര്‍ഡ്. രഹസ്യമായി നടത്തിയ ഒപ്പിടല്‍ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പുറത്തായി. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ഭവന നിര്‍മാണ ബോര്‍ഡിന് കൊച്ചി മെറെന്‍ ഡ്രൈവില്‍ സ്വന്തമായുള്ള ഏക്കര്‍ കണക്കിന് ഭൂമി പാട്ടത്തിനു നല്‍കുന്നതുമായി ബന്ധപ്പെട്ടാണു ധാരണാപത്രം ഒപ്പിട്ടത്. മെറെന്‍ ഡ്രൈവ് പദ്ധതിയെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍.ബി.സി.സി. (ഇന്ത്യ) ലിമിറ്റഡുമായി സെപ്റ്റംബര്‍ അഞ്ചിനാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയാണ് വിചിത്രം. ധാരണാപത്രത്തിന്റെ പകര്‍പ്പാണ് അപേക്ഷ പ്രകാരം ചോദിച്ചത്. എന്നാല്‍, ഇത് 2023 ഡിസംബറിന് ശേഷമേ നല്കാന് കഴിയൂവെന്ന മറുപടിയാണ് ലഭിച്ചത്. ഈ മറുപടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ്) ആണ് നല്‍കിയത്.
അപേക്ഷകന് സംശയം തീര്‍ക്കാന്‍ വീണ്ടും അപേക്ഷ നല്കി. അപ്പോള്‍ ലഭിച്ച വിവരം ഞെട്ടിക്കുന്നതാണ്. ഹൗസിങ് ബോര്‍ഡും എന്‍.ബി.സി.സിയും ഒപ്പിട്ട ധാരണാ പത്രത്തിനു നിയമപരമായി സാധുത ലഭിക്കുന്നതു സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെയാണെന്നും അംഗീകാരം ലഭിച്ചശേഷമേ പകര്‍പ്പ് നല്കാന് സാധിക്കൂവെന്നുമാണു മറുപടി. ധാരണാപത്രം കാബിനറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. ചീഫ് എന്‍ജിനീയറാണ് ഈ മറുപടി നല്‍കിയിരിക്കുന്നത്. ഇദ്ദേഹമാകട്ടെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നയാളാണ്.
കാബിനറ്റ് അംഗീകാരത്തോടെയാകണം ഒരു പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കാനെന്നതാണ് ചട്ടം. ഒപ്പുവച്ച ശേഷം കാബിനറ്റ് അംഗീകരിക്കുന്ന പതിവില്ല. ധാരണാ പത്രം എങ്ങനെ ഒപ്പു വച്ചുവെന്ന ചോദ്യത്തിന് ഭവന നിര്‍മാണ ബോര്‍ഡില്‍ ആര്‍ക്കും ഉത്തരമില്ല. സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ ആണ് ഭവന നിര്‍മാണ ബോര്‍ഡ് ചെയര്മാന്. മന്ത്രി പി. പ്രസാദിന്റെ പിന്‍ഗാമിയാണ് ഇദ്ദേഹം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹൗസിങ് ബോര്‍ഡ് കടന്നു പോകുന്നത്. 2015 മുതല്‍ വിരമിച്ചവരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാനുണ്ട്. ശമ്പളവും മുടങ്ങുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരാണ് ഇപ്പോള്‍ ബോര്‍ഡിലുളളവര്‍ ഏറെയും. ഓരോ തവണയും ഹൗസിങ് ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമ്പോള്‍ വിരമിച്ച ജീവനക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത് എത്താറുണ്ട്. നവംബര്‍ 30 ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നപ്പോഴും പുറത്ത് വിരമിച്ച ജീവനക്കാര്‍ പ്രക്ഷോഭം നടത്തിയിരുന്നു.
തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ രണ്ടു മിനിറ്റ് സമയം സമരം നടത്തുന്നവര്‍ ചെയര്‍മാനോട് ചോദിച്ചെങ്കിലും കൊടുത്തില്ല. അടുത്ത യോഗത്തിനെത്തുമ്പോള്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് അന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വീണ്ടും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത് ഇന്നലെയാണ്. ഈ സമയം തിരുവനന്തപുരം ശാന്തിനഗറിലുള്ള ഹൗസിങ് ബോര്‍ഡ് ആസ്ഥാനത്തിനു വെളിയില്‍ വന്‍ പോലീസ് സന്നാഹം ഒരുക്കുകയും ചെയ്തിരുന്നു.






