
കാസര്‍ഗോഡ് : എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന പരാതിയിൽ അന്വേഷണം നടത്താനായി കേന്ദ്ര സംഘം ഇന്ന് എത്തും. കാസര്‍ഗോഡ് ജില്ലയിലാണ് കേന്ദ്ര സംഘം പരിശോധനക്കായി എത്തുക. കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് പരിശോധന നടത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ തീരുമാനിച്ചത്.
ഇത് പ്രകാരമാണ് വിദഗ്ധ പരിശോന നടത്താൻ കേന്ദ്ര സംഘം എത്തുവന്നത്. അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാൽ കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസര്‍ഗോഡ് മഞ്ചപദവിലെ ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്.
അതേസമയം എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയിൽ കേന്ദ്ര - സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ ഇന്നലെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദേശം. കേരളത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.






