
ഹൈദരബാദ് : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാഷ്ട്രീയ ചതുരംഗ കളത്തില്‍ അരേങ്ങറേുന്നു. ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢിയുടെ സാന്നിധ്യത്തില്‍ റായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജംപേട്ട് എംപി മിഥുൻ റെഡ്ഡിയും ഉപമുഖ്യമന്ത്രി നാരായണസ്വാമിയും റായിഡുവിന് ഒപ്പമുണ്ടായിരുന്നു.
ഗുണ്ടൂർ സ്വദേശിയായ റായിഡുവിന് ലോക്സഭ സീറ്റ് നല്‍കുമെന്ന് തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രാഷ്ട്രീയത്തില്‍ ചേരാനുള്ള ആഗ്രഹം റായിഡു മുമ്പ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നേരിട്ടിറങ്ങി പ്രശ്നങ്ങളും അറിയാനും അദ്ദേഹം ശ്രമിച്ചിരുന്നു.
ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സ് നേടി റായുഡു .2019ലെ ലോകകപ്പിന് തൊട്ടു മുമ്പ് മോശം ഫോം മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച റായഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ചു.2023-ൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമുള്ള കിരീട നേട്ടത്തിന് ശേഷമാണ് 37കാരൻ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.






