തിരുവനന്തപുരം; പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച്ച രാത്രി എട്ടുമണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 മണിവരെ പമ്പുകള്‍ അടച്ചിടും. എന്നാല്‍ സര്‍ക്കാര്‍ നടപടി കൈക്കോള്ളാത്ത സാഹചര്യത്തില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്ത്തിക്കുകയൊള്ളൂവെന്നും ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ പറഞ്ഞു.
പമ്പുകളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നതാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. മോഷണവും ഗുണ്ടാക്രമണവും പമ്പുകളില്‍ പതിവാണ്. ഇന്ധനം കുപ്പിയില്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ രാത്രിയില്‍ കുപ്പിയില്‍ ഇന്ധനം വാങ്ങുന്നതിനായി ചിലരെത്താറുണ്ടെന്നും വിസമ്മതിക്കുന്ന സാഹചര്യത്തില്‍ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നും സംഘടന വ്യക്തമാക്കുന്നു.
കെ എസ് ആര് ടി സിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റുകള് 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ പമ്പുകള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.






