
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ തകര്പ്പനടിക്കാരനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചു. താരം ഇനി ടി20 യില്‍ മാത്രമായിരിക്കും കളിക്കുക. ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരേയുള്ള ഫൈനല്‍ മത്സരങ്ങളോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന താരം ബുധനാഴ്ച പാകിസ്താനെതിരേ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ഏകദിനത്തില്‍ നിന്നും പാഡഴിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാകിസ്താനെതിരേ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തോടെ ടെസ്റ്റ് കരിയറും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം 2025 ല്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പാകിസ്താനെതിരേ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ താരം കളിക്കുക 112 ാമത്തെ ടെസ്റ്റ് മത്സരമായിരിക്കും.
ടെസ്റ്റ് കരിയറില്‍ ഉടനീളം 8,695 റണ്‍സ് എടുത്ത വാര്‍ണര്‍ 26 സെഞ്ച്വറികളും 36 അര്‍ദ്ധശതകം നേടിയിട്ടുണ്ട്. 2009 മുതല്‍ ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്ന വാര്‍ണര്‍ രണ്ടു ലോകകപ്പ് നേട്ടങ്ങളുമായാണ് ഏകദിനത്തോട് വിട പറഞ്ഞത്. 2015, 2023 ലോകകപ്പുകള്‍ അദ്ദേഹത്തിന്റെ കിരീടനേട്ടത്തിലുണ്ട്. അതേസമയം 2017 ന് ശേഷം താരം ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ചിട്ടില്ല. എന്നാല്‍ 2025 ല്‍ പാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാനുള്ള താല്‍പ്പര്യം താരം പ്രകടിപ്പിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ 161 കളികളില്‍ നിന്നും 6,932 റണ്‍സ് നേടിയിട്ടുള്ള വാര്‍ണറുടെ പേരില്‍ 22 സെഞ്ച്വറികളുണ്ട്. ഏകദിനത്തിലെ സെഞ്ച്വറികളുടെ കാര്യത്തില്‍ മുന്‍ നായകന് റിക്കിപോണ്ടിംഗാണ് ഒന്നാമന്. 30 സെഞ്ച്വറികള്‍ പോണ്ടിംഗ് നേടിയിട്ടുണ്ട്. അതേസമയം ഈ വര്‍ഷം കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹവും വാര്‍ണര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. വാര്‍ണര്‍ വിരമിക്കുന്നതോടെ ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയ്ക്ക് പുതിയ ഓപ്പണറെ കണ്ടെത്തേണ്ടി വരും.
ക്രിക്കറ്റിലെ നേട്ടങ്ങളെ പോലെ തന്നെ വിവാദങ്ങളിലും വാര്‍ണര്‍ മുന്നിലായിരുന്നു. നേരത്തേ മുന്‍ നായകന് സ്റ്റീവന്‍ സ്മിത്തിനൊപ്പം ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടയാളാണ് വാര്‍ണര്‍. കേപ്ടൗണില്‍ വെച്ച് നടന്ന കളിയില്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍ പെട്ടായിരുന്നു നടപടി. ജനുവരി 3 നാണ് വാര്‍ണറുടെ അവസാന ടെസ്റ്റ് മത്സരം നടക്കുക. സിഡ്നിയില്‍ പാകിസ്താനെതിരേയുള്ള മത്സരത്തോടെ വാര്‍ണര്‍ ടെസ്റ്റിലും കളി മതിയാക്കും.






