
സാധാരണയായി നമ്മുടെ വീടുകളിലും ജോലി സ്ഥാപനങ്ങളിലുമൊക്കെ ഇലക്ട്രിക് ബള്‍ബുകള്‍ ഉപയോഗിക്കാറുണ്ട്. ഇവയുടെയൊക്കെ ആയുസ്സ് ഒന്നോ രണ്ടോ മാസമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷമോ ഒക്കെ ആയിരിക്കും. എന്നാല്‍ നൂറ്റാണ്ടുകളോളം ഒരു ബള്‍ബ് ഒരു കുഴപ്പവും കൂടാതെ കത്തുമോ? വിശസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും അങ്ങനെയൊരു ബള്‍ബാണ് ഇവിടെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1901 മുതല്‍ ഒരു നൂറ്റാണ്ടിലേറെയായി തുടര്‍ച്ചയായി പ്രകാശം പരത്തുകയാണത്രേ ഒരു പഴയ കാര്‍ബണ്‍ ഫിലമെന്റ് ലൈറ്റ് ബള്‍ബ്. ഈ ഐതിഹാസിക ബള്‍ബിനെ ശതാബ്ദി ബള്‍ബ് (Central Bulb) എന്നാണ് വിളിക്കുന്നത്.
യുഎസ്എയിലെ കാലിഫോര്‍ണിയയിലെ ലിവര്‍മോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് നമ്പര്‍ 6 -ലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഈ ബള്ബിന് ഏറ്റവും കൂടുതല്‍ കാലം പ്രകാശിച്ച ബള്‍ബ് എന്ന ടൈറ്റില്‍ നല്കി കഴിഞ്ഞു. 1899-1900 കാലഘട്ടത്തില്‍ ഒഹായോയിലെ ഷെല്‍ബിയിലെ ഷെല്‍ബി ഇലക്ട്രിക് കമ്പനിയാണ് ഈ ബള്‍ബ് നിര്‍മ്മിച്ചത്. 1901-ല്‍ ലിവര്‍മോര്‍ പവര്‍ ആന്‍ഡ് വാട്ടര്‍ കമ്പനിയുട ഉടമയായ ഡെന്നിസ് ബെര്‍ണല്‍ ഇത് ലിവര്‍മോര്‍ ഫയര്‍ ഡിപ്പോര്‍ട്ട്മെന്റിന് സംഭാവന ചെയ്തു.
1976 വരെ എല്‍ സ്ട്രീറ്റിലെ ഒരു ഫയര്‍ സ്റ്റേഷനിലാണ് ബള്‍ബ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എല്‍ സ്ട്രീറ്റ് ഫയര്‍ സ്റ്റേഷനില്‍ നിന്ന് നിലവിലെ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ 22 മിനിറ്റ് നേരത്തേക്ക് അത് സ്വിച്ച് ഓഫ് ചെയ്തതൊഴിച്ചാല്‍ ഇക്കാലമത്രയും ഈ ബള്‍ബ് പ്രകാശിച്ചു കൊണ്ടിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് ലിവര്‍മോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് നമ്പര്‍ 6 -ല്‍ എത്തിയാല്‍ ഇപ്പോഴും തെളിഞ്ഞു നില്ക്കുന്ന ഈ ബള്‍ബ് കാണാം. centennialbulb.org അനുസരിച്ച്, ഇത് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 10 മുതല്‍ 11:30 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയുമാണ്.






