
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെല്‍സിയെ മറിച്ച് കുഞ്ഞന്‍ മീനുകളായ മിഡില്‍ബറോ. റിവര്‍സൈഡ് സ്റ്റേഡിയത്തില്‍ നടന്ന കാരബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മിഡില്‍സ്ബറോയുടെ വിജയം. ആദ്യ പകുതിയില്‍ ഐസയ ജോണ്‍സിന്റെ ക്രോസില്‍ നിന്നും ഹെയ്ഡന് ഹാക്ക്നി ഏക ഗോള്‍ നേടി.
ജനുവരി 23 നാണ് രണ്ടാം പാദ മത്സരം നടക്കുക. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തുഴഞ്ഞുകൊണ്ടിരിക്കുന്ന ചെല്‍സിക്കും പരിശീലകന് പൊച്ചെറ്റീനോയ്ക്കും ഈ തോല്‍വി വലിയ തിരിച്ചടിയാണ്. ഫെബ്രുവരി അവസാനം ഇംഗ്ലണ്ടില്‍ തന്റെ ആദ്യ ട്രോഫി നേടാനുള്ള അവസരം നിലനിര്‍ത്തണമെങ്കില്‍ അര്‍ജന്റീനിയന്‍ ബോസിന് രണ്ടാം പാദത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്.
മത്സരത്തില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചത് ചെല്‍സിയാണെങ്കിലും ഗോള്‍ നേടിയത് മിഡില്‍സ്ബറോ ആയിരുന്നു. കളിയുടെ 72 ശതമാനവും പന്ത് കൈവശം വെച്ച ചെല്‍സിയുടെ ആക്രമണങ്ങളെ മിഡില്‍സ്ബറോ പ്രതിരോധം ഉജ്വലമായി തടയുകയായിരുന്നു.






