
കൊച്ചി : കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. സിപിഐഎം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാനകില്ലെന്ന് തോമസ് ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു.
മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകന്‍ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്.
അതേസമയം കേസിൽ കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സമന്‍സില്‍ ഇഡി പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അതേ സമയം തോമസ് ഐസകിന് നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം.
ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കണമെന്നും സമൻസിൽ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയതോടെ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു.






