
പട്ന: ഇന്‍ഡ്യാ സഖ്യത്തെ തകരാറിലാക്കി എന്‍ഡിഎ യ്ക്കൊപ്പം നിതീഷ്കുമാര്‍ ചേര്‍ന്നതിന് പിന്നാലെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് ബീഹാറില്‍ പ്രവേശിക്കും. കിഷന്‍ഗഞ്ചിലാണ് രാഹുലിന്റെ യാത്രയെ നേതാക്കള്‍ സ്വീകരിക്കുക. അതേസമയം രാഹുല്‍ ബീഹാറില്‍ എത്തുന്ന സമയത്ത്് സംസ്ഥാനത്ത് മാറിമറിഞ്ഞ സര്‍ക്കാര്‍ മന്ത്രിസഭ വികസന ചര്‍ച്ചകള്‍ ആരംഭിക്കും.
ഭാരത് ജോഡോയാത്ര തുടങ്ങിയിരിക്കുന്ന രാഹുലിന് ബീഹാറില്‍ വലിയ സ്വീകരണം നല്കാന് ഇന്‍ഡ്യാ സഖ്യം തയ്യാറെടുക്കുന്നതിനിടെയാണ് സഖ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി നിതീഷ്കുമാറിന്റെ മറുകളം ചാട്ടം വന്നിരിക്കുന്നത്. നിതീഷ്കുമാര്‍ അപ്രതീക്ഷിത നീക്കം നടത്തിയതോടെ ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളെ ഒപ്പം നിര്‍ത്തി ശക്തമായ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
തേജസ്വി യാദവ് അടക്കം ആര്‍ജെഡി നേതാക്കള്‍ യാത്രയില്‍ അണിചേരും. നിതീഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉയര്‍ത്താനും ഇടയുണ്ട്. ബസിലും കാറിലും പദയാത്രയുമായാണ് ഇന്നത്തെ പര്യടനം. വ്യാഴാഴ്ച ബീഹാര്‍ സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡി നിതീഷ്കുമാറിനൊപ്പം വ്യാഴാഴ്ച മറ്റൊരു റാലി നടത്തുന്നുണ്ട്. ഇന്ത്യാ സഖ്യത്തെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കാനാകും നിതീഷ് ശ്രമിക്കുക.






