
തിരുവനന്തപുരം: ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കെപിസിസി മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി സ്പീക്കര്‍ക്ക് നല്‍കാനാണ് നിര്‍ദേശം. ഡിസംബര്‍ 28 ന് കെ. മുരളീധരന് എം.പി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി.
സമാധാനപരമായി നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചില്‍ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയര്‍ ഗ്യാസ് ഷെല്‍ എറിഞ്ഞ് പൊലീസ് പ്രകോപനമുണ്ടാക്കി എന്നാണ് ആരോപണം. പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തമുള്ള ഡിജിപിയെ പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പില്‍ വിളിച്ചുവരുത്തണമെന്നാണ് കെ മുരളീധരന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു തിരുവനന്തപുരത്ത് കെപിസിസി മാര്‍ച്ച് നടത്തിയത്. താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതായി കത്തില്‍ പറഞ്ഞിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഒന്നാം പ്രതിയായ കേസില്‍ വി ഡി സതീശന്, ശശി തരൂര്‍ അടക്കമുള്ളവരും പ്രതികളാണ്.






