
തിരുവനന്തപുരം : കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നിയച്ചു. എം. കെ. മുനീറാണ് വിഷയം ഉന്നയിച്ചത്. ജാതി സെന്‍സസിന് കേരള സര്‍ക്കാര്‍ അനുകൂലമാണോ എന്ന് വ്യക്തമാക്കണം. സംസ്ഥാനങ്ങള്‍ക്ക് ജാതി സെന്‍സസ് നടത്താമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണെന്നും എം കെ മുനീര്‍ പറഞ്ഞു.
എം കെ മുനീര്‍ ഉന്നയിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്താമക്കിയില്ല. ജാതി സെന്‍സസ് നടത്തുന്നതില്‍ ഇപ്പോള്‍ തീരുമാനം എടുക്കില്ലെന്ന് മന്ത്രി കെ. രാധകൃഷ്ണന് മറുപടി നല്കി. സുപ്രീം കോടതി വിധി വന്നശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ജാതി സെന്‍സസ് നടത്തേണ്ടതും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടതും കേന്ദ്ര സര്‍ക്കാരാണെന്നു കേരളം. കേന്ദ്രത്തില്‍നിന്നു ലഭിച്ച സര്‍വേ വിവരങ്ങള്‍ അപര്യാപ്തമായതിനാല്‍ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച തീരുമാനം എടുക്കാന്‍ കേരളത്തിനു കഴിഞ്ഞില്ലെന്നും ചീഫ് സെക്രട്ടറി വി. വേണു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തില്‍ ജാതി സര്‍വേ നടത്തില്ലെന്ന സൂചന നല്‍കുന്നതാണു സത്യവാങ്മൂലത്തില്‍ പറയുന്നത്.
സംവരണപ്പട്ടിക പരിഷ്കരിക്കാനുള്ള സാമൂഹിക, സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന് ട്രസ്റ്റ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്.






