
വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പേസർ ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലീഷ് ടീമിൽ ഇടം പിടിച്ചു. ആദ്യ ടെസ്റ്റിൽ വിക്കറ്റ് നേടാൻ കഴിയാതിരുന്ന മാർക് വുഡിന് പകരക്കാരനായാണ് ആൻഡേഴ്സൺ ടീമിലെത്തിയത്.
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 100 വിക്കറ്റ് നേടുന്ന ആദ്യത്തെയാൾ ഇംഗ്ലിഷ് പേസർ ജെയിംസ് ആൻഡേഴ്സനാണ്. 700നു മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ താരമാകാന്‍ ആന്‍ഡേഴ്സനു ഇനി പത്ത് വിക്കറ്റുകളേ വേണ്ടതുള്ളു. 2006, 2008, 2012, 2016, 2021 എന്നീ വർഷങ്ങളിലാണ് ആൻഡേഴ്സൺ മുൻപ് ഇന്ത്യയിൽ കളിച്ചിട്ടുള്ളത്. ഇന്ത്യയിൽ മികച്ച റെക്കോർഡുള്ള ആൻഡേഴ്സന്റെ സാന്നിധ്യം ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഇംഗ്ലണ്ട്.
പരിക്കേറ്റ സ്പിന്നർ ജാക്ക് ലീച്ചിന് പകരം ഷുഐബ് ബഷീറും രണ്ടാം ടെസ്റ്റിൽ കളിക്കും. ഇംഗ്ലണ്ട് ടീമിൽ മറ്റ് മാറ്റങ്ങളില്ല. ആദ്യ ടെസ്റ്റിന് സമാനമായി ഒരു പേസറും മൂന്ന് സ്പിന്നർമാരും അടങ്ങുന്നതാണ് ഇംഗ്ലണ്ട് നിര. ഇന്ത്യയുടെ അന്തിമ ഇലവൻ നാളെ മത്സരത്തിന് മുമ്പായെ പ്രഖ്യാപിക്കൂ.
ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, രെഹാന്‍ അഹമദ്, ടോം ഹാര്‍ട്ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്ഡേഴ്സന്.


