ന്യുഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഏക വ്യക്തി നിയമം (യൂണിഫോം സിവില്‍ കോഡ്) നടപ്പാക്കുന്നതിന് മുന്നോടിയായി അന്തിമ കരട് ബില്‍ ഇന്ന് നിയമസഭയില്‍ വയ്ക്കും. ബില്ലിന് സംസ്ഥാന മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്ച്ചാവകാശം തുടങ്ങി എല്ലാ വ്യക്തിഗത വിഷയങ്ങളിലും മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എല്ലാവര്ക്കും ഒരേനിയമം ബാധകമാകുന്നതാണ് ഏക വ്യക്തി നിയമം.
ബില്‍ പാസായി നിയമമായാല്‍, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഏക വ്യക്തി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്. അസ്സം, മധ്യപ്രദേശ് അടക്കം ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഈ നിയമം കൊണ്ടുവരാന്‍ താല്പര്യം കാണിക്കുന്നുണ്ട്. ഗോവയിലാകട്ടെ പോര്‍ച്ചുഗീസ് ഭരണകാലത്ത് നടപ്പാക്കിയ പൊതു വ്യക്തിനിയമം ഇപ്പോഴും നിലവിലുണ്ട്.
ഉത്തരാഖണ്ഡ് കൊണ്ടുവരുന്ന ബില്‍ പ്രകാരം ബഹുഭാര്യാത്വം നിരോധിക്കപ്പെടും. ലിവിന് ദമ്പതികള്‍ അവരുടെ ബന്ധം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. പിതൃസ്വത്തില് ആണ്മക്കള്ക്കും പെണ്മക്കള്ക്കും തുല്യ അവകാശവും ബില്ലില്‍ പറയുന്നു. ബില്ലിന്റെ കരട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലുള്ള രണ്ട് ലക്ഷത്തോളം ആളുകളെയും പ്രമുഖ വ്യക്തികളെയും കണ്ടാണ് കരട് തയ്യാറാക്കിയത്. 2022ല്‍ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ പ്രധാന വാഗ്ദാനവുമായിരുന്നു ഏക വ്യക്തി നിയമം.
ഏക വ്യക്തി നിയമം രാജ്യത്ത് നടപ്പാകേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉന്നയിച്ചത്. ഒരു രാജ്യം രണ്ട് നിയമം കൊണ്ട് മുന്നോട്ടുപോകില്ലെന്നും അത് ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് വെവ്വേറെ നിയമവ്യവസ്ഥ പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.






