
അർ റയാൻ: എ എഫ് സി ഏഷ്യൻ കപ്പിൽ ദക്ഷിണ കൊറിയയെ കീഴടക്കി ജോർദാൻ ഫൈനലിൽ. ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത രണ്ടുഗോളിന് തകർത്ത് ജോർദാൻ ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇടം പിടിച്ചത്. യസൻ അൽ നഇമത് (53), മൂസ അൽ തമാരി (66) എന്നിവരുടെ ഗോളിലാണ് ജോർദാൻ ഏഷ്യൻ കപ്പിൽ തങ്ങളുടെ കന്നി കലാശപ്പോരിലെത്തുന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ ജോർദാനാണ് പന്ത് നിയന്ത്രിച്ചിരുന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ദക്ഷിണ കൊറിയയ്ക്കായിരുന്നു കൂടുതൽ സമയം പന്ത് നിയന്ത്രിച്ചത്. എങ്കിലും ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് ജോർദാന്റെ രണ്ട് ഗോളുകളും പിറന്നത്. 53-ാം മിനിറ്റിൽ യസാൻ അൽ-നൈമത്ത്, 66-ാം മിനിറ്റിൽ മൂസ അൽ-താമാരി എന്നിവർ ഗോളുകൾ നേടി.
മത്സരം അവസാനിക്കുമ്പോൾ 30 ശതമാനം പന്തിന്റെ നിയന്ത്രണം മാത്രമായിരുന്നു ജോർദാന്‍ ഉണ്ടായിരുന്നത്. എന്നാൽ ജോർദാൻ എട്ട് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. കൊറിയയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് വെയ്ക്കാനായില്ല.
അഞ്ചുതവണ ഏഷ്യൻ കപ്പ് കളിച്ച ജോർദാൻ രണ്ടുതവണ (2004, 2011) ക്വാർട്ടർ ഫൈനലിലെത്തിയിട്ടുണ്ട്. മൂന്നാം കിരീടമെന്ന മോഹം പൊലിഞ്ഞാണ് ദക്ഷിണകൊറിയ മടങ്ങുന്നത്. 1960-നുശേഷം കൊറിയ ഇതുവരെ ഏഷ്യൻ കപ്പ് നേടിയിട്ടില്ല. 2015-ലുൾപ്പെടെ നാലുതവണ ഫൈനലിൽ വീണിട്ടുണ്ട്.




